അഗർത്തല
മാർച്ച് രണ്ടിന് ഫലം വന്നശേഷം ത്രിപുരയിൽ ജനങ്ങളുടെ സർക്കാർ രൂപംകൊള്ളുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ഇടതുമുന്നണിയുടെയും കോൺഗ്രസിന്റെയും സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലുള്ള മതനിരപേക്ഷ ജനാധിപത്യ ചേരിക്ക് ഭൂരിപക്ഷം ലഭിക്കും. ബിജെപി ഒറ്റ അക്കത്തിലൊതുങ്ങും. ഐപിഎഫ്ടി നാമാവശേഷമാകുമെന്നും അഗർത്തല പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെയും പങ്കാളിത്തം പുതിയ സർക്കാരിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയാണ് എല്ലാവരുടെയും പൊതുശത്രു. കോൺഗ്രസുമായി ഇടതുപക്ഷത്തിന് അഭിപ്രായഭിന്നതകളുണ്ട്. നാളെയും ഉണ്ടാകും. എന്നാൽ, ഭരണഘടനയും ജനാധിപത്യവും ഭീഷണി നേരിടുമ്പോൾ ജനാധിപത്യ ബോധമുള്ളവർ ഒന്നിച്ചുനിൽക്കും. അതാണ് ത്രിപുരയിൽ ഉണ്ടായത്. പ്രധാനമന്ത്രിപദത്തിന്റെ അന്തസ്സ് നശിപ്പിക്കുന്ന വിധത്തിലാണ് നരേന്ദ്ര മോദി ത്രിപുരയിൽ പ്രചാരണം നടത്തിയതെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു.
അമിത് ഷായുടെ രഹസ്യ
കൂടിക്കാഴ്ച അന്വേഷിക്കണം
ത്രിപുരയിൽ പ്രചാരണത്തിനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന ഡിജിപി ഉൾപ്പെടെയുള്ള ഒരുവിഭാഗം പൊലീസ് ഉദ്യോഗസ്ഥരുമായും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായും ഫെബ്രുവരി 11ന് രാത്രി രഹസ്യ കൂടിക്കാഴ്ച നടത്തി. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് അമിത് ഷാ രഹസ്യചര്ച്ച നടത്തിയതായി വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് സംഘർഷരഹിത തെരഞ്ഞെടുപ്പ് സാധ്യമാകുമോ എന്ന ആശങ്കയ്ക്കിടെ വോട്ടെടുപ്പിന് ദിവസങ്ങൾക്കുമുമ്പ് ചട്ടം ലംഘിച്ചാണ് കൂടിക്കാഴ്ച നടന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള തന്ത്രം മെനയാനാണോ എന്ന സംശയവും ഉയർത്തുന്നു. അന്വേഷണം നടത്തി ഉൾപ്പെട്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയിൽനിന്ന് നീക്കണമെന്നും വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ജിതേന്ദ്ര ചൗധരി ആവശ്യപ്പെട്ടു.















