ന്യൂഡൽഹി
ത്രിപുരയിൽ അറുപതംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച. ആകയുള്ള 3337 പോളിങ് സ്റ്റേഷനിൽ 1128 എണ്ണം പ്രശ്നബാധിതവും 240 എണ്ണം അതീവ പ്രശ്നബാധിതവുമാണ്. 400 കമ്പനി സിആർപിഎഫ്, 11,000 പൊലീസുകാർ എന്നിവരാണ് സുരക്ഷയൊരുക്കുന്നത്. അക്രമം തടയാൻ തിങ്കൾ രാത്രിമുതൽ സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് കമീഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്പോഴും ബിജെപിയുടെ നേതൃത്വത്തിൽ വ്യാപക ആക്രമണം തുടരുകയാണ്.
വിശാല മതനിരപേക്ഷ സഖ്യത്തിന് നേതൃത്വം നൽകുന്ന ഇടതുമുന്നണി 46 സീറ്റിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് 13 സീറ്റലും ഒരു സീറ്റിൽ സഖ്യത്തിന്റെ പിന്തുണയിൽ മനുഷ്യാവകാശ പ്രവർത്തകൻ പുരുഷോത്തം റോയ് ബർമനും മത്സരിക്കുന്നു. ബിജെപി 55 സീറ്റിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ ഐപിഎഫ്ടി ആറു സീറ്റിൽ മത്സരിക്കുന്നു. ഒരു സീറ്റിൽ പരസ്പരം മത്സരിക്കുന്നുണ്ട്. പട്ടികവർഗ വോട്ടുകൾ സമാഹരിക്കുമെന്ന് പ്രതീക്ഷിക്കുന്ന തിപ്ര മോത 42 സീറ്റിൽ മത്സരിക്കുന്നു. തൃണമൂൽ കോൺഗ്രസിന് 28 സീറ്റിൽ സ്ഥാനാർഥിയുണ്ട്.















