തിരുവനന്തപുരം : ഡിപ്പോകൾക്ക് ടാർഗറ്റ് നിശ്ചയിക്കാൻ കെഎസ്ആർടിസി. തിങ്കളാഴ്ച ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സിഎംഡിയും ഗതാഗതവകുപ്പ് സെക്രട്ടറിയുമായ ബിജു പ്രഭാകർ ടാർഗറ്റ് നിർദേശം അവതരിപ്പിച്ചത്. ടാർഗറ്റ് തികയ്ക്കുന്നവർക്ക് മുഴുവൻ ശമ്പളവും മറ്റുള്ളവർക്ക് അതിന് അനുസരിച്ചുള്ള ശമ്പളവും നൽകാനുമാണ് ആലോചന.
യോഗത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവും സൂപ്രണ്ടുമുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡിപ്പോ വരുമാനം വർധിപ്പിക്കുന്നതിന് സംഘടന മുന്നോട്ടുവച്ച നിർദേശമാണിതെങ്കിലും ഏകപക്ഷീയമായി പ്രഖ്യാപിച്ച് നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു. ആശങ്കകൾ പരിഹരിച്ചാകണം പദ്ധതി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിലെ ശമ്പളം നൽകുന്നതിന് ജീവനക്കാരുടെ സൊസൈറ്റിയിൽനിന്ന് പത്തുകോടി സിഎംഡി ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ സൊസൈറ്റി ഡയറക്ടർ ബോർഡ് തയ്യാറായിരുന്നെങ്കിലും വ്യവസ്ഥകൾ പാലിക്കാനാകില്ലെന്ന നിലപാടാണ് സിഎംഡി സ്വീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ജീവനക്കാരുടെ പെൻഷൻ ഫണ്ടിൽനിന്ന് പണമെടുക്കാനും ആലോചനയുണ്ട്.