തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് സുരക്ഷ ഒരുക്കിയതിനെ വിമർശിക്കുന്ന മാധ്യമങ്ങൾ രാഹുൽ ഗാന്ധിക്ക് ഏർപ്പെടുത്തിയ സുരക്ഷയെ അഭിനന്ദിച്ച് രംഗത്ത്. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് 877 പൊലീസുകാർ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയതെന്നായിരുന്നു വാർത്ത നൽകിയത്. ജില്ലാ പൊലീസ് മേധാവിക്കുപുറമെ എട്ട് ഡിവൈഎസ്പിമാരുടെയും 27 ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിലാണ് രാഹുലിന് സുരക്ഷ ഒരുക്കിയതെന്ന് ആവേശംകൊണ്ട അതേ മാധ്യമങ്ങളാണ്, ഇതിന്റെ ചെറിയൊരു ഭാഗം പൊലീസ് മുഖ്യമന്ത്രിക്ക് നൽകിയ സുരക്ഷയെ വിവാദമാക്കിയത്. യുഡിഎഫും ബിജെപിയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും മുഖ്യമന്ത്രിയുടെ യാത്രാവേളയിൽ അക്രമശ്രമം നടക്കുകയും ചെയ്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മുതൽ പൊലീസ് കൂടുതൽ സുരക്ഷയൊരുക്കിയത്. ജോഡോ യാത്രാവേളയിൽ ദിവസം എഴുനൂറോളം പൊലീസുകാരാണ് സുരക്ഷയൊരുക്കിയതെന്ന വാർത്തയ്ക്ക് ‘പൊലീസിന് കൈയടി’ എന്നായിരുന്നു യുഡിഎഫ് പത്രത്തിന്റെ തലക്കെട്ട്. അതേ പത്രമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയപ്പോൾ ‘മര്യാദവേണ്ടേ’ എന്ന് ആക്ഷേപിക്കുന്നത്.
മുഖ്യമന്ത്രിക്കുനേരേ വിമാനത്തിൽ നടന്ന കൈയേറ്റശ്രമവും കരിങ്കൊടിക്കു പകരം കരിങ്കല്ല് ഉപയോഗിക്കണമെന്ന ബിജെപി നേതാവിന്റെ ആഹ്വാനവും ഇവർ മറച്ചുവയ്ക്കുന്നു. യുഡിഎഫും ബിജെപിയും മുഖ്യമന്ത്രിയെ വഴിയിൽ തടയാനും പ്രശ്നങ്ങൾ സൃഷ്ടിക്കാനും മുമ്പ് ആഹ്വാനം ചെയ്തപ്പോഴും ഇതേ മാധ്യമങ്ങൾ വിവാദമാക്കാൻ ശ്രമിച്ചിരുന്നു. ബജറ്റിലെ നികുതി നിർദേശത്തിന്റെ പേരിൽ വഴിനീളെ പ്രതിഷേധിക്കാനാണ് ഇപ്പോഴത്തെ ആഹ്വാനം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴിയിൽ ഏതാനും നിമിഷങ്ങൾ മാത്രമാണ് നിയന്ത്രണം. ഇതിനെയാണ് കണ്ണീർകഥകളുടെ അകമ്പടിയോടെ വലിയ വാർത്തയാക്കിയത്. സിപിഐ എം നേതാവുകൂടിയായ മുഖ്യമന്ത്രിക്കുനേരെ കൈയേറ്റശ്രമമുണ്ടായാൽ അദ്ദേഹത്തെ ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വലിയൊരു വിഭാഗം ജനങ്ങൾ പ്രകോപിതരായേക്കാം. അങ്ങനെയുണ്ടായാൽ ക്രമാസമാധാനാന്തരീക്ഷം മോശമാകുമെന്ന് അറിഞ്ഞുതന്നെയാണ് ഇപ്പോഴത്തെ നീക്കം. മുഖ്യമന്ത്രിയുടെ സുരക്ഷ കുറച്ചാൽ അത് അക്രമകാരികൾക്കാണ് അവസരമാകുന്നതെന്ന് അറിയാത്തവരല്ല വിവാദസൃഷ്ടാക്കൾ.