മലപ്പുറം : മലയാളിയുടെ വായനയിടങ്ങളിലേക്ക് ശാസ്ത്രവും സാഹിത്യവും ചേർന്ന തിരുമധുരം പകർന്നുനൽകിയ പ്രിയ സാഹിത്യകാരൻ സി രാധാകൃഷ്ണൻ ശതാഭിഷേക നിറവിൽ. ശാസ്ത്രവും സാഹിത്യവും പരസ്പര വിരുദ്ധമല്ലെന്ന് എഴുത്തിലൂടെ മലയാളികളെ ബോധ്യപ്പെടുത്തിയ സാഹിത്യകാരൻ. മുമ്പേ പറക്കുന്ന പക്ഷികൾ, തീക്കടൽ കടഞ്ഞ് തിരുമധുരം, സ്പന്ദമാപിനികളേ നന്ദി, നിഴൽപ്പാടുകൾ, ആലോചന, വേർപാടുകളുടെ വിരൽപ്പാടുകൾ, കാലം കാത്തുവയ്ക്കുന്നത് അടക്കം നൂറുകണക്കിന് സാഹിത്യ സൃഷ്ടികൾ അദ്ദേഹം കൈരളിക്ക് നൽകി.
1939 ഫെബ്രുവരി 15-ന് പൊന്നാനി ചമ്രവട്ടത്ത് ജനിച്ച സി രാധാകൃഷ്ണൻ കുട്ടിക്കാലംമുതൽ അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ചു. ഊർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ രാധാകൃഷ്ണന്റെ ആദ്യകാല നോവലുകൾ ഗ്രാമജീവിതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. പിന്നീട് ബൃഹത്തായ രചനകൾ പരമ്പരകളായി വായനക്കാരുടെ ഹൃദയങ്ങളിലേക്ക് ഒഴുകി. പുണെയിലും കൊടൈക്കനാലിലും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സയന്റിഫിക് അസിസ്റ്റന്റായി പ്രവർത്തിച്ചു. പത്രപ്രവർത്തകനുമായിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് മുഴുവൻസമയ എഴുത്തുകാരനായത്. റേഷൻ കാർഡിൽ തൊഴിലിന്റെ സ്ഥാനത്ത് ‘ആധാരമെഴുത്ത് ’ എന്ന് രേഖപ്പെടുത്തി കിട്ടിയ അനുഭവവും അദ്ദേഹം പറയാറുണ്ട്. നോവലിസ്റ്റ് എന്ന നിലയിൽമാത്രമല്ല, തിരക്കഥാകൃത്തായും സംവിധായകനായും ചലച്ചിത്ര മേഖലയിലും മുദ്രപതിപ്പിച്ചു. 1970ൽ മധു സംവിധായകനായ പ്രിയ എന്ന സിനിമയിലൂടെ തുടക്കം. ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചു.
ഒറ്റയടിപ്പാതകൾ ഉൾപ്പെടെ നാലു സിനിമ സംവിധാനംചെയ്തു. ഒറ്റയടിപ്പാതകളിൽ ഗാനരചനയും നിർവഹിച്ചു. നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതി. എഴുത്തുവഴികളിൽ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം, മൂർത്തീദേവി പുരസ്കാരം, കേന്ദ്ര–- കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം, മഹാകവി ജി പുരസ്കാരം, വള്ളത്തോൾ പുരസ്കാരം എന്നിവ ലഭിച്ചു. 2022 ഡിസംബറിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം നേരത്തെ ലഭിച്ചിട്ടുണ്ട്.
“ഇന്ന് തുഞ്ചൻപറമ്പിൽ’
ജന്മദിനത്തിന് പ്രത്യേകിച്ച് ഒരു ആഘോഷവുമില്ല. തുഞ്ചൻപറമ്പിൽ പോയിരുന്ന് മലയാള ഭാഷയ്ക്കുവേണ്ടി അഥവാ അന്യംനിന്നുപോയേക്കാവുന്ന മാതൃഭാഷയ്ക്കുവേണ്ടി ഇനി ശിഷ്ടകാലം കൊണ്ട് എന്തുചെയ്യാൻ കഴിയുമെന്ന് ആലോചിക്കും–- സി രാധാകൃഷ്ണൻ ദേശാഭിമാനിയോട് പറഞ്ഞു.
ഇനി കുറച്ചു കാലമേയുള്ളു, അതുകൊണ്ടുതന്നെ എന്തൊക്കെ ചെയ്യണം, ചെയ്യണ്ട എന്നെല്ലാം തീരുമാനിക്കണം. എനിക്ക് എന്തുചെയ്യാൻ കഴിയുമെന്നാണ് ചിന്ത. മലയാള ഭാഷ തുടങ്ങിയത് അവിടെ നിന്നാണല്ലോ, അതുകൊണ്ട് അവിടുന്ന് ഒരു വേര് കണ്ടുകിട്ടും. മലയാള ഭാഷയ്ക്ക് എന്തു ആശയത്തെയും ഉൾക്കൊള്ളാൻ കഴിവുണ്ടാക്കലാണ് നമ്മുടെ ലക്ഷ്യം. അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതാണ് സയൻസിന്റെ കാര്യത്തിലും ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.