തിരുവനന്തപുരം : പാർലമെന്റിൽ തന്ത്രപൂർവമുള്ള ചോദ്യത്തിന് പ്രതീക്ഷിക്കുന്ന ഉത്തരം വാങ്ങി വാർത്തയാക്കി രസിക്കുന്നവർ പ്രോത്സാഹിപ്പിക്കുന്നത് സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര അവഗണനാ നയത്തെ. ജിഎസ്ടിയെക്കുറിച്ച് ചോദിച്ച് ഒരു ബന്ധവുമില്ലാത്ത ഉത്തരം കിട്ടിയിട്ടും അത് പറയാതെ സംസ്ഥാന ധനമന്ത്രിയെ പഴിക്കാനാണ് എൻ കെ പ്രേമചന്ദ്രൻ എംപി മുതിർന്നത്.
കേരളം കണക്ക് നൽകിയില്ലെന്ന് പറഞ്ഞ നിർമല സീതാരാമന്റെ വാദം ശുദ്ധകളവാണെന്ന് തെളിയിക്കുന്നതാണ് ഇതുവരെയുള്ള ജിഎസ്ടി വിഹിത വിതരണം. കിട്ടാനുള്ള 42,639 കോടി രൂപയിൽ 41,779 കോടിയും അനുവദിച്ചത് ഏത് കണക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് എംപിമാർക്കോ മാധ്യമങ്ങൾക്കോ ചോദിക്കാൻ തോന്നിയില്ല.
ജിഎസ്ടി കുടിശ്ശിക നൽകുന്നതിലെ കാലതാമസമല്ല, കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്രനയവും നിലപാടുമാണ് പ്രധാന പ്രശ്നം. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടൽ, ഡിവിസിബിൾ പൂളിൽനിന്ന് സംസ്ഥാനത്തിന് നൽകുന്ന വിഹിതം വെട്ടിക്കുറച്ചതിലെ നഷ്ടം പരിഹരിക്കൽ, കടമെടുപ്പ് പരിധി ഉയർത്തൽ തുടങ്ങിയവയാണ് പ്രധാന പ്രശ്നം. ഇതാണ് വികസനത്തെ ബാധിക്കുന്നത്. കേരളം കാലങ്ങളായി ആവശ്യപ്പെടുന്ന വികസന പദ്ധതികളെല്ലാം തടഞ്ഞിട്ടിരിക്കുകയാണ്. നാടിനെ ബാധിക്കുന്ന ഈ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനാണ് കേരളത്തിലെ യുഡിഎഫ് എംപിമാരും മാധ്യമങ്ങളും തോളോടുതോൾ ചേർന്ന് വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്.
കേരളത്തിന്റേത് ന്യായമായ ആവശ്യം
വിഭവ സമാഹരണത്തിലുള്ള പ്രശ്നം പരിഹരിക്കാനുള്ള നടപടിയാണ് കേരളം നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഈവർഷം 24,639 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയതിലൂടെ 9000 കോടിയും വരുംവർഷം 12,000 കോടിയും നഷ്ടമാകും. ഇത് പരിഹരിക്കാൻ പ്രത്യേക സാമ്പത്തിക സഹായമാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഒപ്പം, കടമെടുപ്പ് പരിധി ഉയർത്തണമെന്ന ആവശ്യവും. പ്രത്യേകോദ്ദേശ്യ സ്ഥാപനം (എസ്പിവികൾ) എടുക്കുന്ന കടത്തെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം മുന്നോട്ടുവയ്ക്കുന്ന ഈ ആവശ്യങ്ങൾക്കായി എല്ലാവരും ഒരുമിക്കണമെന്നാണ് ബജറ്റിലും സംസ്ഥാന സർക്കാർ അഭ്യർഥിച്ചത്.