തിരുവനന്തപുരം : അധ്യാപനം പോലെ കൃഷിയും വിജയലക്ഷ്മിക്ക് ആസ്വാദ്യകരം. തിരക്കുകൾക്കിടയിലും കായംകുളം എംഎസ്എം കോളേജിലെ ഈ റിട്ട. അധ്യാപിക കൃഷിക്ക് സമയം കണ്ടെത്തുന്നു. ഇവർക്ക് പ്രചോദനമായതാകട്ടെ ഭക്ഷ്യസ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉൽപ്പാദനവും ലക്ഷ്യമിട്ട് കൃഷിവകുപ്പ് ആരംഭിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി.
പച്ചക്കറികളും കിഴങ്ങുവർഗങ്ങളും മാവുകളും പ്ലാവുകളും പച്ചപ്പ് വിരിച്ച കരകുളത്തെയും ശ്രീകാര്യത്തെയും ഇവരുടെ കൃഷിയിടങ്ങൾ ഈ പദ്ധതിയുടെ വിജയമാണ്. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ രണ്ടാമത് 100 ദിന കർമപരിപാടിയിലാണ് പദ്ധതി ആരംഭിച്ചത്. 10,000 എണ്ണം ലക്ഷ്യംവെച്ച് 2022 ഫെബ്രുവരിയിൽ തുടങ്ങിയ പദ്ധതിയിൽ ഇപ്പോഴുള്ളത് 25,887 കൃഷിക്കൂട്ടങ്ങൾ. ഏറ്റവും കൂടുതൽ മലപ്പുറത്ത്.
8438 എണ്ണം.
10 പേരടങ്ങുന്ന ടീമാണ് ഒരു കൃഷിക്കൂട്ടം. 10 സെന്റ് മുതൽ ഒരു ഹെക്ടർ വരെയുള്ള സ്ഥലത്ത് ഇവർ കൃഷിയിറക്കുന്നു. കൃഷി, തദ്ദേശം, ജലസേചനം, സഹകരണം, വ്യവസായം, മൃഗസംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനവുമുണ്ട്. പുതുതായി ഒരു ലക്ഷം തൊഴിലവസരങ്ങളാണ് പദ്ധതി കാർഷികമേഖലയിൽ സൃഷ്ടിച്ചത്. യുവാക്കൾ, സ്ത്രീകൾ, പ്രവാസികൾ, രാഷ്ട്രീയ-സന്നദ്ധ സംഘടനകൾ, മതസംഘടനകൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങി സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങളും പദ്ധതിയിൽ പങ്കാളികളായി. തരിശുഭൂമികൾ പരമാവധി കൃഷിയോഗ്യമാക്കി. ഉൽപ്പാദനം, സേവനം, സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി പ്രത്യേക ഗ്രൂപ്പുകളാണ്. 6038 കൃഷിക്കൂട്ടങ്ങൾ സർവീസ് മേഖലയിലാണ്.
ബജറ്റിൽ 6 കോടി
സംസ്ഥാന ബജറ്റിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്കായി ആറുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. കൃഷിക്കൂട്ടങ്ങൾക്ക് സബ്സിഡിക്ക് ഉൾപ്പെടെ ഈ തുക ഉപയോഗിക്കും.