തിരുവനന്തപുരം
: വിപണി ഇടപെടലിൽനിന്ന് കേന്ദ്രം പിൻവാങ്ങിയതോടെ നിത്യോപയോഗസാധന വില കുതിക്കുന്നു. ജയ, മട്ട, വടി, സുരേഖ, പച്ചരി എന്നിവയ്ക്കെല്ലാം വിലകൂടി. എന്നാൽ, സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവയിലൂടെ വിലക്കയറ്റം പിടിച്ചുകെട്ടുകയാണ് സംസ്ഥാന സർക്കാർ.
പൊതുവിപണിയുമായി താരമത്യം ചെയ്യുമ്പോൾ 35 ശതമാനംവരെ ഇളവ് നൽകുന്നുണ്ട്. പൊതുവിപണിയിൽ 1371 രൂപ വിലവരുന്ന 13 ഇന അവശ്യഉൽപ്പന്നം 612 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. 38 ലക്ഷം റേഷൻ കാർഡ് ഉടമകൾ ഇത് വാങ്ങുന്നുണ്ട്. ഒരു വർഷം ശരാശരി 87,168 ടൺ അരി സബ്സിഡി നിരക്കിൽ നൽകുന്നു. ഇതിനു പുറമെ 32 ഇനത്തിന് സബ്സിഡിയുണ്ട്. 817 മാവേലി സ്റ്റോർ, 1000 നീതി സ്റ്റോർ, 176 ത്രിവേണി സൂപ്പർമാർക്കറ്റ്, 47 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോർ എന്നിവ പ്രവർത്തിക്കുന്നുണ്ട്. സപ്ലൈകോയിൽ എല്ലാസാധനങ്ങളും സ്റ്റോക്കുണ്ടെന്ന് സിഎംഡി സഞ്ജീവ് പട്ജോഷി പറഞ്ഞു.
അഞ്ച് സാധനം പാക്കറ്റിൽ
പാക്കറ്റ് സാധനങ്ങൾക്ക് കേന്ദ്രം ജിഎസ്ടി ഏർപ്പെടുത്തിയപ്പോൾ മാസം ശരാശരി രണ്ടുകോടിയുടെ അധിക ബാധ്യതയാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. ഇത് മറികടക്കാൻ അഞ്ച് സാധനം കവറിൽ റബർ ചുറ്റി നൽകി തുടങ്ങി. വൻപയർ, ചെറുപയർ, കടല, ഉഴുന്ന്, പരിപ്പ് എന്നിവയാണ് നൽകുന്നത്.