തിരുവനന്തപുരം : ഗ്രൂപ്പ് തർക്കത്താൽ യോഗം ചേരാനാകാത്ത സാഹചര്യവും കോൺഗ്രസ് സമരങ്ങളും ക്യാമ്പയിനുകളും നേതാക്കൾതന്നെ പൊളിക്കുന്നതും കോൺഗ്രസ് പുനഃസംഘടന പ്രതിസന്ധിയിലാക്കി. വേറെവഴികളില്ലാതെ പുനഃസംഘടനാ തീയതി വീണ്ടുംനീട്ടി. ബ്ലോക്ക്വരെയുള്ള പട്ടിക മാർച്ച് പതിനഞ്ചിനകവും മണ്ഡലം മുപ്പത്തിയൊന്നിനകവും നൽകിയാൽ മതിയെന്നാണ് നേതൃയോഗം തീരുമാനിച്ചത്. ഫെബ്രുവരി ഏഴായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഭൂരിപക്ഷം ജില്ലാ സമിതികളിലും ഏറ്റുമുട്ടലിനെത്തുടർന്ന് യോഗം ചേരാനാകുന്നില്ല.
ഡിസിസി തലംമുതൽ താഴേക്ക് പുനഃസംഘടിപ്പിക്കാൻ സമിതികൾ രൂപീകരിച്ച രീതിതന്നെ തർക്കത്തിലുമാണ്. ഇതേച്ചൊല്ലിയാണ് തിരുവനന്തപുരത്ത് കൂട്ടരാജി. പത്തനംതിട്ടയിലും കാസർകോടും അടി പൊട്ടിയില്ലെന്നേയുള്ളൂ. ഡിസിസി, ബ്ലോക്ക് ഭാരവാഹികളുടെയും തുടർന്ന് മണ്ഡലം ഭാരവാഹികളുടെയും പട്ടികയാണ് ജില്ലാ സമിതികൾ കെപിസിസിക്ക് നൽകേണ്ടത്. ചർച്ചകൾ ആരംഭിച്ചതോടെ നിലവിലുള്ള ഭാരവാഹികൾ മാറുമോ പുതിയത് ആരൊക്കെ, ആർക്കൊക്കെ സ്ഥാനക്കയറ്റം തുടങ്ങി രൂക്ഷമായ ആശയക്കുഴപ്പമാണ്. ചില ഗ്രൂപ്പുകളെ ഒതുക്കാനും നീക്കമുണ്ട്. ഈ സാഹചര്യത്തിൽ താഴേത്തട്ടിൽ നേതാക്കളാരും പ്രവർത്തനരംഗത്തില്ല. പാർടി ക്യാമ്പയിനോ സമരമോ പ്രഖ്യാപിച്ചാലും അനങ്ങാപ്പാറ നയമാണെന്നും നേതൃയോഗം വിലയിരുത്തി.
പുതിയ ഭാരവാഹികൾ വരട്ടെ എന്നിട്ടുമതി സമരം എന്നതാണ് പലരുടെയും നിലപാട്. ഇതോടെയാണ് തീയതി വീണ്ടും നീട്ടിയത്. പ്രാദേശികതലത്തിലെ അടിമാത്രമല്ല, കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള അകൽച്ചയും അടുത്തിടെ പരസ്യമായിരുന്നു. പ്രധാന നേതാക്കൾ അകന്നുനിൽക്കുന്നത് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം നേതൃയോഗത്തിൽ കെ സി വേണുഗോപാൽ നിർദേശിച്ചിരുന്നു.