തിരുവനന്തപുരം : മുഖ്യമന്ത്രി അടക്കമുള്ള ഉന്നത പദവികളിലുള്ളവരുടെ സുരക്ഷ തീരുമാനിക്കുന്നത് ഉത്തരവാദിത്വപ്പെട്ട ഏജൻസികൾ. ഇന്റലിജൻസ് റിപ്പോർട്ട് അടക്കം പരിഗണിച്ചാണ് സുരക്ഷയൊരുക്കുന്നത്. സുരക്ഷയ്ക്ക് എന്തൊക്കെ വേണമെന്ന് കൃത്യമായ മാർഗനിർദേശങ്ങളുണ്ട്. ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാമാനദണ്ഡങ്ങൾ പൊലീസിന്റെ ബ്ലൂ ബുക്ക് പ്രകാരമാണ്. സംസ്ഥാന പൊലീസ്, പൊലീസ് ഇന്റലിജൻസ്, ഐബി, എൻഎസ്ജി തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും സഞ്ചാരപാതയിലും സുരക്ഷ വർധിപ്പിച്ചത് സുരക്ഷാഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിക്ക് തീവ്രവാദ ഗ്രൂപ്പുകളിൽനിന്നുൾപ്പെടെ ഭീഷണിയുള്ളതായി കേന്ദ്ര ഏജൻസികൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിക്കെ പ്രത്യേക പരിശീലനം നേടിയ കമാൻഡോകൾ സുരക്ഷാച്ചുമതല ഏറ്റെടുത്തിരുന്നു. മലപ്പുറം പാണ്ടിക്കാട് ക്യാമ്പിൽനിന്ന് 60 ഐആർബി സ്കോർപ്പിയോൺ കമാൻഡോകളും തോക്കേന്തിയ 15 കമാൻഡോകളും അടങ്ങുന്ന സുരക്ഷാകവചം അന്ന് ഒരുക്കി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പ്രതിഷേധം ഭയന്ന് ആദിവാസി സ്ത്രീകളുടെ അരക്കച്ച അഴിപ്പിച്ച സംഭവവും ഉണ്ടായി.