പാലക്കാട്> അന്തർസംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയെ എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗവും പാലക്കാട് സർക്കിൾ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. കൊല്ലം കുണ്ടറ പെരിനാട് സ്വദേശി ടോണി എന്ന ആന്റോ വർഗീസാണ് വാളയാർ ടോൾപ്ലാസയ്ക്ക് സമീപം പിടിയിലായത്. ഇയാൾ സഞ്ചരിച്ച കാറിൽ ബിജെപിയുടെ ഷാൾ മുന്നിൽ തൂക്കിയിരുന്നു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയുടെ ഷാൾ പ്രതികൾ ഉപയോഗിച്ചതായാണ് വിവരം. ഇയാൾ കഞ്ചാവ് കടത്തുന്ന മറ്റൊരു വാഹനത്തിന് എസ്കോർട്ട് വന്നതാണെന്ന് എക്സൈസ് അറിയിച്ചു.
കൈവശം അഞ്ച് ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. ലഹരിയിലായിരുന്ന പ്രതി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു. മൊബൈൽ ഫോൺ എറിഞ്ഞുപൊട്ടിച്ചു. വാഹനത്തിൽ മറ്റ് രണ്ടുപേരുമുണ്ടായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തു. തമിഴ്നാട് എൻപി കോട്ടൈ പൊലീസ് സ്റ്റേഷൻ പരിധിയിൽ 100 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതിയാണിയാൾ. തമിഴ്നാട് പൊലീസിനെ എക്സൈസ് വിവരമറിയിച്ചു. തുടർന്ന് മധുര പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി.
സർക്കിൾ ഇൻസ്പെക്ടർമാരായ പി കെ സതീഷ്, എൻ നൗഫൽ, ഐബി പ്രിവന്റീവ് ഓഫീസർ വി ആർ സുനിൽകുമാർ, ടി ആർ വിശ്വകുമാർ, ആർ വേണുകുമാർ, സർക്കിൾ പിഒ കെ പ്രസാദ്, സിഇഒമാരായ ജ്ഞാനകുമാർ, കെ അഭിലാഷ്, എക്സൈസ് ഡ്രൈവർമാരായ വി ജയപ്രകാശ്, ആർ രാഹുൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.