മട്ടന്നൂര്> ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിന് അനുമതി ലഭിച്ച സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ആവശ്യമായ സൗകര്യങ്ങള് ഒരുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്. സൗകര്യങ്ങള് വിലയിരുത്താനുള്ള ഉന്നതതല യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. ഹജ്ജ് പുറപ്പെടൽ കേന്ദ്രം (എംബാര്ക്കേഷന് പോയിന്റ്) വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്ക്കാര് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഇത്തവണയും ബന്ധപ്പെട്ട കേന്ദ്രമന്ത്രിയോടും അധികൃതരോടും ചര്ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്, കരിപ്പൂര് എന്നിവയ്ക്കൊപ്പം കണ്ണൂരിലും അനുമതിയായത്. ഹജ്ജ് അപേക്ഷകരിൽ 40 ശതമാനമെങ്കിലും കണ്ണൂരില്നിന്ന് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണ് സംസ്ഥാന ബജറ്റില് ഒരു കോടി രൂപ അനുവദിച്ചത്. ഹജ്ജ് ക്യാമ്പടക്കമുള്ള സൗകര്യങ്ങളുമൊരുക്കും.
ഇത്തവണ ഇന്ത്യയില്നിന്ന് ഏറ്റവും കൂടുതല് പേര് ഹജ്ജിന് പോകുന്നത് കേരളത്തില്നിന്നാണ്. അതിനുവേണ്ട എല്ലാ ക്രമീകണങ്ങളും സര്ക്കാര് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഉന്നതതല യോഗം ചേർന്നു. കെ കെ ശൈലജ എംഎൽഎ, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അനിൽകുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി ജോസ്, ഹെഡ് ഓഫ് ഓപ്പറേഷൻ രാജേഷ് പൊതുവാൾ തുടങ്ങിയവർ പങ്കെടുത്തു.