മാനന്തവാടി> കേരള അതിർത്തിയോട് ചേർന്ന കർണാടകയിലെ കുട്ട ചൂരിക്കാട്ട് രണ്ടുപേരെ കൊന്ന കടുവയെ വനപാലകൾ മയക്കുവെടിവച്ച് പിടികൂടി. ചൊവ്വ ഉച്ചയോടെയാണ് കടുവയെ പിടിച്ചത്. നൂറ്റമ്പതോളം വരുന്ന വനപാലകസംഘമാണ് ദൗത്യത്തിനുണ്ടായിരുന്നത്. ചൂരിക്കാട്ടെ കാപ്പിത്തോട്ടത്തിൽ ജോലിക്കെത്തിയ ഹുൻസൂർ അൻഗോട്ട മധുവിന്റെ മകൻ ചേതൻ, ബന്ധു രാജു എന്നിവരെയാണ് കടുവ കൊന്നത്. ഇതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭവുമാരംഭിച്ചു. സ്ഥലത്തുനിന്ന് രാജുവിന്റെ മൃതദേഹം എടുക്കാൻ അനുവദിച്ചിരുന്നില്ല. ചർച്ചകൾക്കൊടുവിൽ തിങ്കൾ വൈകിട്ടോടെയാണ് മൃതദേഹം ആശുപത്രയിലേക്ക് മാറ്റിയത്. കടുവയെ പിടികൂടുന്നതിനായി അന്നുതന്നെ വനപാലകർ കൂടും സ്ഥാപിച്ചു. ചൊവ്വ രാവിലെ മുതൽ ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി. ഉച്ചയോടെ കാപ്പിത്തോട്ടത്തിൽ കടുവയെ കാണുകയും മയക്കുവെടിവയ്ക്കുകയുമായിരുന്നു.
പ്രദേശത്ത് വേറെയും മൂന്ന് കടുവകൾ ഉണ്ടെന്നാണ് കർഷകർ പറയുന്നത്. ഇവിടെ വലിയ കാപ്പിത്തോട്ടങ്ങളാണ്. ഭീതിയോടെയാണ് ആളുകൾ ജോലിചെയ്യുന്നത്. തൊഴിലാളികളിൽ ഭൂരിഭാഗവും വിദൂര ഗ്രാമങ്ങളിൽനിന്നെത്തിയ ആദിവാസികളാണ്. കടുവ ആക്രമിച്ചുകൊന്ന രണ്ടുപേരും പട്ടികവർഗ വിഭാഗത്തിൽപെട്ടവരാണ്. മൂന്നാഴ്ച മുമ്പ് കേരള അതിർത്തിയോട് ചേർന്നുള്ള കർണാടകയിലെ ബെള്ളയിലും കടുവ ഒരാളെ കൊന്നിരുന്നു.