ന്യൂഡല്ഹി> നിലവിലുള്ള ഏതു സംസ്ഥാനത്തേയും ഭരണഘടനാപരമായി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പാര്ലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനയുടെ 3,4 വകുപ്പുകള് വ്യാഖ്യാനിച്ചാണ് കോടതി നിലപാട്. നിലവിലുള്ള സംസ്ഥാനങ്ങളെ നിയമത്തിലൂടെ ഒന്നോ അതിലധികമോ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാന് സാധിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ജമ്മുവിലെ മണ്ഡല പുന:ക്രമീകരണത്തിനായി കമ്മീഷന് രൂപകീരിച്ച നടപടി ചോദ്യം ചെയ്ത് ശ്രീനഗര് സ്വദേശികളായ ഹാജി അബ്ദുള് ഗനിഖാനും, ഡോ.മുഹമ്മദ് അയൂബ് മട്ടുവും സമര്പ്പിച്ച ഹര്ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. ജമ്മുവില് മണ്ഡല പുന:ക്രമീകരണത്തിനായി രഞ്ജന ദേശായി കമ്മീഷന് രൂപീകരിച്ച നടപടിയെ ജഡ്ജിമാരായ സഞ്ജയ് കിഷന് കൗള്, അഭയ് എസ്.ഓക്ക എന്നിവരുടെ ബെഞ്ച് ശരിവച്ചു.
ജമ്മൂകാശ്മീരിന്റെ പ്രത്യേകപദവിയും സംസ്ഥാനപദവിയും പിന്വലിച്ചതും ജമ്മു, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള് രൂപീകരിച്ചതും ചോദ്യം ചെയ്തുള്ള ഹര്ജികള് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മണ്ഡല പുന:ക്രമീകരണ കമ്മീഷന് രൂപീകരിച്ചത് ശരിവയ്ക്കുന്ന പ്രത്യേകപദവിയുമായി ബന്ധപ്പെട്ട നടപടികളുടെ അംഗീകാരമായി വ്യാഖ്യാനിക്കരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
2019ല് ജമ്മുകാശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. ജമ്മു, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മുകാശ്മീരിനെ തിരിക്കുകയും ചെയ്തിരുന്നു. ഇതില് ജമ്മുവിനെ പുതുച്ചേരി മാതൃകയില് നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായാണ് നിര്ണ്ണയിച്ചിരുന്നത്. ഇതേ തുടര്ന്നാണ് ജമ്മുവില് മണ്ഡലങ്ങളുടെ പുന:ക്രമീകരണത്തിനായി സുപ്രീംകോടതി മുന്ജഡ്ജ് രഞ്ജന ദേശായിയെ അധ്യക്ഷനാക്കിയുള്ള കമ്മീഷനെ നിയോഗിച്ചത്.