ഭുവനേശ്വർ> സന്തോഷ് ട്രോഫി ഫുട്ബോളിലെ മൂന്ന് വേദികളിലായി ഓടിനടക്കുകയാണ് സതീവൻ ബാലൻ. 2018ൽ കേരളത്തെ ചാമ്പ്യൻമാരാക്കിയ പരിശീലകന് ഇത്തവണ പുതിയ ഉത്തരവാദിത്തമാണ്. പ്രതിഭകളെ കണ്ടെത്താനുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) നിരീക്ഷകനായാണ് അമ്പത്തേഴുകാരൻ ഭുവനേശ്വറിലുള്ളത്. മത്സരങ്ങളെല്ലാം കണ്ട് മികച്ച കളിക്കാരെ ദേശീയ സെലക്ഷൻ കമ്മിറ്റിക്ക് നിർദേശിക്കുകയാണ് ചുമതല. പ്രധാനമായും അണ്ടർ 20, 23 വിഭാഗങ്ങളിലേക്കുള്ള താരങ്ങളെയാണ് സതീവൻ നിരീക്ഷിക്കുന്നത്. എല്ലാ നിരകളിലേയും കളിക്കാരെ സസൂക്ഷ്മം ശ്രദ്ധിക്കും. തുടർച്ചയായി മികവ് കാട്ടുന്നവരെ പട്ടികയിലുൾപ്പെടുത്തും.
2005 മുതൽ ഈ രംഗത്തുണ്ട് സതീവൻ. ‘ഇത്തവണ എല്ലാ ടീമുകളിലും മികച്ച യുവതാരങ്ങളുണ്ട്. കൂടുതൽ മെച്ചപ്പെട്ട കളിയാണ് പുറത്തെടുക്കുന്നത്. ഈ സന്തോഷ് ട്രോഫിയിൽ കളിച്ച ചെറുപ്പക്കാരെ നാളെ ഇന്ത്യൻ കുപ്പായത്തിൽ കാണാനാകുമെന്നാണ് പ്രതീക്ഷ’–-സതീവൻ പറഞ്ഞു. തിരുവനന്തപുരം പട്ടം സ്വദേശിയാണ്. കലിക്കറ്റ് സർവകലാശാല ടീമിന്റെ പരിശീലകനുമായി.