ഭുവനേശ്വർ> ജീവവായു തേടി കേരളം ഇറങ്ങുന്നു. സന്തോഷ് ട്രോഫി ഫുട്ബോളിൽ മഹാരാഷ്ട്രയാണ് എതിരാളി. കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് പകൽ മൂന്നിനാണ് നിർണായകപോരാട്ടം. ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ജയം അനിവാര്യം. തോൽവിയോ സമനിലയോ പുറത്തേക്കുള്ള വഴികാട്ടും. ഗ്രൂപ്പ് എയിൽ മൂന്ന് പോയിന്റ് മാത്രമുള്ള ചാമ്പ്യൻമാർ നാലാംസ്ഥാനത്താണ്. ഗോവയോട് ജയിച്ചപ്പോൾ അവസാന കളിയിൽ കർണാടകയോട് തോറ്റു.
നാല് പോയിന്റുള്ള ഒഡിഷ, പഞ്ചാബ്, കർണാടക ടീമുകളാണ് കേരളത്തിന് മുന്നിലുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരാണ് ഗ്രൂപ്പിൽനിന്ന് സെമിയിലേക്ക് യോഗ്യത നേടുക. ശേഷിക്കുന്ന മൂന്നിലും ജയിച്ചാൽ കേരളം അവസാന നാലുറപ്പിക്കും. മറിച്ചായാൽ തിരിച്ചടിയാകും. മഹാരാഷ്ട്രയ്ക്കുപുറമെ ഒഡിഷയുമായും പഞ്ചാബുമായുമാണ് കളിയുള്ളത്. കർണാടകയോട് ഒരു ഗോളിനായിരുന്നു വീണത്. ഒരിക്കൽപ്പോലും ആധിപത്യം നേടാനായില്ല. ഭാവനാശൂന്യമായ മധ്യനിരയും മൂർച്ചയില്ലാത്ത മുന്നേറ്റവും തിരിച്ചടി നൽകി.
മഹാരാഷ്ട്രയ്ക്കെതിരെ അടിമുടി മാറ്റങ്ങളുമായാണ് കേരളം എത്തുക. മധ്യനിരയിൽ എം റാഷിദും മുന്നേറ്റത്തിൽ വൈശാഖ് മോഹനനും എത്തും. പ്രതിരോധത്തിൽ ജി സഞ്ജുവിന് പകരം ആർ ഷിനുവും ഇടംപിടിക്കും. ആക്രമണശൈലിയാണ് അവലംബിക്കുക. റിസ്വാനലിയും വൈശാഖും സ്ട്രൈക്കർമാരാകും. ബി നരേഷ് ആദ്യ പതിനൊന്നിൽ ഇടംപിടിക്കില്ല. പരിക്കിന്റെ പിടിയിലുള്ള അബ്ദു റഹീമിന്റെ കാര്യവും സംശയത്തിലാണ്.
മുൻ ഇന്ത്യൻ താരം സ്റ്റീഫൻ ഡയസ് പരിശീലകനായ മഹാരാഷ്ട്ര കരുത്തരാണ്. അർമാഷ് നസീർ അൻസാരി, ഹിമാൻഷു പാട്ടീൽ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഒരു തോൽവിയും സമനിലയുമായി അഞ്ചാംസ്ഥാനത്താണ്. ഇന്ന് തോറ്റാൽ സെമി കാണാതെ പുറത്താകും. ഒഡിഷ പഞ്ചാബിനെയും കർണാടക ഗോവയെയും നേരിടും.