ഭുവനേശ്വർ> ബംഗാളിന് അടിപതറുന്നു. സർവീസസിനോട് 2–-1ന് തോറ്റതോടെ സെമിസാധ്യത തുലാസിലായി. 32 തവണ കിരീടം ചൂടിയ ബംഗാൾ ആദ്യകളിയിൽ ഡൽഹിയോട് സമനില വഴങ്ങിയിരുന്നു. യോഗ്യതാഘട്ടത്തിൽ അഞ്ചും ജയിച്ചെത്തിയ ബിശ്വജിത് ഭട്ടാചാര്യക്കും കൂട്ടർക്കും ഫൈനൽ റൗണ്ടിൽ താളംകണ്ടെത്താനാകുന്നില്ല.
ക്യാപ്റ്റൻ നരോഹരി ശ്രേഷ്ഠയിലൂടെ തുടക്കം മുന്നിലെത്തിയ ബംഗാളിനെ ക്രിസ്റ്റഫർ കമെയുടെയും ബികാഷ് താപ്പയുടെയും ഗോളിൽ സർവീസസ് മറികടക്കുകയായിരുന്നു. ഒമ്പത് ഗോളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമനാണ് നരോഹരി. രണ്ടുകളിയിൽ ഒരു പോയിന്റ് മാത്രമുള്ള ബംഗാൾ അഞ്ചാംസ്ഥാനത്താണ്. സർവീസസ് ആറ് പോയിന്റുമായി ഒന്നാംസ്ഥാനത്ത്. മറ്റ് മത്സരങ്ങളിൽ റെയിൽവേസ് ഡൽഹിയെയും മേഘാലയ മണിപ്പുരിനെയും ഓരോ ഗോളിന് വീഴ്ത്തി. മണിപ്പുർ, മേഘാലയ, റെയിൽവേസ് ടീമുകൾ മൂന്ന് പോയിന്റുമായി യഥാക്രമം രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിലുണ്ട്.