പീരുമേട്
വൻതോതിൽ കൃഷിനാശം ഉണ്ടാക്കി കർഷകർക്ക് ഭീഷണിയായ പട്ടാളപ്പുഴു എന്ന വില്ലനെ അനായാസം ഇനി തുരത്താം. 35–ാംമത് കേരള ശാസ്ത്ര കോൺഗ്രസിനോടനുബന്ധിച്ച് കുട്ടിക്കാനത്ത് കേരള വനം ഗവേഷണ കേന്ദ്രം ഒരുക്കിയ സ്റ്റാളിൽ ആണ് പട്ടാള പുഴുവിനെ തുരത്താനുള്ള നൂതന മാർഗ്ഗം നിർദ്ദേശിക്കുന്നത്. വാഴ, കോട്ടൺ, പുകയില, സോയാബീൻ, കാബേജ്, ബീറ്റ്റൂട്ട്, നിലക്കടല തുടങ്ങിയ പ്രധാന വിളകളെ വൻതോതിൽ നശിപ്പിക്കുന്ന പട്ടാള പുഴുവിനെ നശിപ്പിക്കാൻ കോക്കുലസ് ലോറിഫോളിയേസ്(ആടു കൊല്ലി)യിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്.
ഇത്തരത്തിൽ വേർതിരിച്ചെടുത്ത ഘടകങ്ങൾക്ക് പട്ടാള പുഴുവിനെ നശിപ്പിക്കുവാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തി. പട്ടാളപ്പുഴുവിന്റെ ആക്രമണം മൂലം ലോകമെമ്പാടും 30 ശതമാനത്തിന് മുകളിൽ കൃഷിനാശം വർഷവും ഉണ്ടാകുന്നു എന്നാണ് ഏകദേശം കണക്ക്. ഈ കണ്ടെത്തൽ ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലെ കർഷകർക്ക് വലിയ ആശ്വാസമാവുമെന്ന് പഠനത്തിന് മേൽനോട്ടംവഹിച്ച ആർ ജയരാജ്, അലീന പോൾ എന്നിവർ പറഞ്ഞു.