തൊടുപുഴ> പട്ടയമേളയുടെ മറവില് വന്തട്ടിപ്പ് നടത്തിയ കേസില് മുഖ്യപ്രതിയെ ഇടുക്കി വിജിലന്സ് ബംഗളൂരുവില് നിന്ന് അറസ്റ്റ് ചെയ്തു. വാഗമണ് റാണിമുടി എസ്റ്റേറ്റ് കോയക്കാരന്പറമ്പില് ജോളി സ്റ്റീഫനെയാണ് (61) അറസ്റ്റ് ചെയ്തത്. കെപിസിസി പ്രസിഡന്റുള്പ്പെടെയുള്ള യുഡിഎഫ് നേതാക്കളുമായി അടുത്തബന്ധമുള്ള പ്രതി സ്വാധീനമുപയോഗിച്ച് പലതവണ അന്വേഷണത്തില് നിന്ന് രക്ഷപ്പെടുകയായിരുന്നു. വാഗമണ്ണില് മൂന്ന് ഏക്കര് 30 സെന്റ് സ്ഥലത്തിന്റെ പട്ടയം കള്ളപ്പേരില് ഉണ്ടാക്കി. ഈ സ്ഥലം ജോളി സ്റ്റീഫന് ആള്മാറാട്ടം നടത്തി സ്വന്തം പേരില് രജിസ്റ്റര് ചെയ്തു. സ്ഥലം പലര്ക്കായി വിറ്റ് കോടികള് സമ്പാദിക്കുകയും ചെയ്ത, വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോ ഇടുക്കി യൂണിറ്റില് രജിസ്റ്റര് ചെയ്ത കേസിലാണ് നടപടി.
റാണിമുടി ഭാഗത്ത് ജോളി സ്റ്റീഫന് മുന് ഭാര്യയുടെ ഉടമസ്ഥതയിലുള്ള പട്ടയസ്ഥലത്തെ ബംഗ്ലാവ് ജെസി കളവത്ത് എന്ന സാങ്കല്പ്പിക വിലാസത്തില് കള്ളപ്പട്ടയം ഉണ്ടാക്കി സ്വന്തം പേരിലേക്ക് മാറ്റി. ഈ കേസിലാണ് ജോളിയെ ബംഗളൂരുവിലെ ഫാം ഹൗസില്നിന്ന് അറസ്റ്റ് ചെയ്തത്. വാഗമണ് റാണിമുടി ഭാഗത്തെ 200 ഓളം റിസോര്ട്ടുകള് സ്ഥിതിചെയ്യുന്ന 110 ഏക്കര്സ്ഥലം തട്ടിയെടുത്തതിന് ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന കേസിലേയും മുഖ്യപ്രതി ജോളി സ്റ്റീഫനാണ്. യുഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരുന്ന കെ സുധാകരന്റെ അടുത്ത ആളായ ജോളി തട്ടിപ്പ് നടത്തിയത്. വിജിലന്സ് കേസില് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനുമുമ്പില് ഹാജരാകാന് നിര്ദ്ദേശിച്ചെങ്കിലും ഹാജരാകാതെ വ്യാജ കോവിഡ് പോസീറ്റീവ് രേഖ ഹാജരാക്കിയതിനെത്തുടര്ന്ന് മുന്കൂര്ജാമ്യം തള്ളിയിരുന്നു.
പലപ്രാവശ്യം ഹൈക്കോടതിയില് ഇയാള് മുന്കൂര് ജാമ്യത്തിന് സമീപിച്ചെങ്കിലും കോടതി നിര്ദ്ദേശങ്ങള് പാലിക്കാതെ ബംഗളൂരുവില് ഒളിവില് താമസിക്കുകയായിരുന്നു. കോട്ടയംവിജിലന്സ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ഇടുക്കി വിജിലന്സ് ഡിവൈഎസ്പി ഷാജു ജോസ്, ഇന്സ്പെക്ടര് ടി ആര് കിരണ്, അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് ബേസില് പി ഐസക്, സിപിഒ സന്ദീപ് ദത്തന്, അരുണ് രാമകൃഷ്ണന് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ ഒളിസങ്കേതത്തില്നിന്ന് കസ്റ്റഡിയില് എടുത്തത്. മൂവാറ്റുപുഴ വിജിലന്സ് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില് വാങ്ങി തുടരന്വേഷണം നടത്തുമെന്ന് വിജിലന്സ് അറിയിച്ചു.