പയ്യന്നൂർ> സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാർഥം ഗാന്ധിവധം പശ്ചാത്തലമാക്കി ‘ കൊന്നതാണ്’ എന്നപേരിൽ ശിൽപ്പം. രാജ്യത്ത് വർഗീയവിദ്വേഷം പടർത്തി അധികാരം നിലനിർത്താൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ശിൽപ്പി ഉണ്ണി കാനായി ലക്ഷ്യമിടുന്നത്. ചാക്കും പ്ലാസ്റ്റർ ഓഫ് പാറ്റും തുണിയും ഉപയോഗിച്ചാണ് ചുരുങ്ങിയ സമയംകൊണ്ട് ശിൽപ്പം ഒരുക്കിയത്. വി രതീഷ്, കെ വിനേഷ്, പി വി മിഥുൻ, പി രവീന്ദ്രൻ എന്നിവർ സഹായികളായി.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, കോറോം ഈസ്റ്റ് ലോക്കൽ സെക്രട്ടറി വി വി ഗിരീഷ്കുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ടി പി ഗോവിന്ദൻ, പി ഭാസ്കരൻ, പി സുരേഷ് എന്നിവർ പണിപ്പുരയിലെത്തി നിർമാണം വിലയിരുത്തി. സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റിക്കുവേണ്ടി നിർമിച്ച ശിൽപ്പം ദേശീയപാതയിൽ പെരുമ്പ ജങ്ഷനിൽ സ്ഥാപിക്കും.