അബുദാബി> മനുഷ്യ ശരീരത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുവാനും പരിചയപ്പെടുവാനും ലക്ഷ്യമിട്ട് അബുദാബിയിലെ ഖലീഫ യൂണിവേഴ്സിറ്റി ബോഡി മ്യൂസിയം ആരംഭിച്ചു. മനുഷ്യ ശരീരത്തെക്കുറിച്ച് ലോകോത്തര വിദ്യാഭ്യാസം നൽകുന്നതിനും, ശാസ്ത്രീയമായി ഗവേഷണം നടത്തുന്നതിനും ബോഡി മ്യൂസിയം വഴി സാധിക്കും. മ്യൂസിയത്തിലേക്ക് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടാകും. യുഎഇയിലെ സന്ദർശകരെയും താമസക്കാരെയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും വൈദ്യശാസ്ത്രവും ആരോഗ്യ ശാസ്ത്രവും പഠിക്കാനും പ്രചോദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംരംഭമാണ് ഖലീഫ യൂണിവേഴ്സിറ്റി CMHS ബോഡി മ്യൂസിയം.
ശരീരവും ആരോഗ്യവും സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ശരീരത്തെക്കുറിച്ച് പുതിയ തലമുറയിൽ ശാസ്ത്രീയ അവബോധം വർദ്ധിപ്പിക്കാനുമാണ് ഇത്തരമൊരു മ്യൂസിയം എന്ന് ഖലീഫ യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു. ശരീരത്തിലെ നാഡീ വ്യവസ്ഥ, ശ്വാസോച്ഛ്വാസ സംവിധാനം, ദഹന വ്യവസ്ഥ, ഹൃദയത്തിന്റേയും ധമനികളുടെയും പ്രവർത്തനം എന്നിവ പ്രദർശനത്തിൽ മനസ്സിലാക്കാൻ കഴിയും. രോഗം തകർത്ത മനുഷ്യ ശരീരത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്തുന്ന പ്രദർശന വസ്തുക്കളും ബോഡി മ്യൂസിയത്തിൽ ഉണ്ട്.
ആന്തരിക അവയവങ്ങളെ കുറിച്ച് മനസ്സിലാക്കുവാൻ ഭാഗങ്ങളായി മുറിച്ച മനുഷ്യശരീരങ്ങളും, കേടുകൂടാതെ സംസ്കരിച്ച മനുഷ്യശരീരങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. മാത്രമല്ല, പ്ലാസ്റ്റിനേഷൻ ഉപയോഗിച്ച്, ശരീരത്തിന്റെ ഉൾഭാഗം കൂടുതൽ ആകർഷണീയവും സൗന്ദര്യാത്മകവുമായ രീതിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ പ്ലാസ്റ്റിനേറ്റഡ് മാതൃകകൾ പ്രായോഗികമായി നശിക്കാത്തവയാണ്, ഇത് ഡോക്ടർമാരുടെ പരിശീലനത്തിനും മനുഷ്യശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും ഉപകരിക്കുന്നു.