കോഴിക്കോട്> മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഭാര്യക്കൊപ്പമെത്തിയ ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശനിയാഴ്ച രാവിലെയാണ് കൽപ്പറ്റ പുഴമുട്ടി വിശ്വനാഥനെ (46) ആശുപത്രിക്ക് സമീപം മരത്തിൽ മുണ്ടുപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
വിശ്വനാഥന്റെ ഭാര്യ ബിന്ദു ബുധനാഴ്ച പ്രസവിച്ചിരുന്നു. വിവാഹം കഴിഞ്ഞ് 18 വർഷത്തിനുശേഷമാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രി പരിസരത്ത് ഫോൺ കാണാതായ സംഭവത്തിൽ ആശുപത്രി സുരക്ഷാ ജീവനക്കാർ ചോദ്യംചെയ്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. വിശ്വനാഥൻ ആത്മഹത്യച്ചെയ്യില്ലെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആശുപത്രി സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ചേർന്ന് മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജീവനക്കാരെ മെഡിക്കൽ കോളേജ് സിഐ ബെന്നി ലാലുവിന്റെ നേത്യത്വത്തിൽ ചോദ്യംചെയ്തു. ആശുപത്രി മുറ്റത്ത് എല്ലാവരും പായവിരിച്ച് കിടക്കുന്ന സമയമായതിനാൽ മറ്റ് ബഹളമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ നൽകിയ മൊഴി. ആത്മഹത്യചെയ്യാൻ വിശ്വനാഥനെ പ്രേരിപ്പിച്ച സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.