തിരുവനന്തപുരം > വിവാദ പ്രസ്താവനയിലൂടെ കേരളത്തെയും കേരളത്തിലെ ജനങ്ങളെയും അമിത് ഷാ അപമാനിക്കുകയാണ് ചെയ്തതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നമ്മുടെ രാജ്യത്ത് മതസൗഹാര്ദ്ദത്തിന് മാതൃക കാണിക്കാവുന്ന സംസ്ഥാനമാണ് കേരളം അങ്ങനെയുള്ള കേരളത്തെ അപമാനിക്കുക എന്ന് പറഞ്ഞാല് കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണ്. അമിത് ഷാ ഈ പ്രസ്താവന തിരുത്തണം. പ്രസ്താവന തിരുത്തി പറഞ്ഞുപോയതിന് മാപ്പ് പറയാന് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
ഈ രാജ്യവും, രാജ്യത്തെ സർക്കാരും തന്നെ ഒട്ടേറെ അംഗീകാരങ്ങള് കേരളത്തിന് നല്കി. ക്രമസമാധാന പരിപാലനത്തില് കേരളം നമ്പര് വണ് ആണ്. മതസൗഹാര്ദ്ദ അന്തരീക്ഷമെടുത്ത് പരിശോധിച്ചാല് കേരളം ഒന്നാമതാണ്. ടൂറിസം, വ്യവസായം ര തുടങ്ങിയ മേഖലകളിൽ ഒക്കെ കേരളം മുന്നോട്ട് പോവുകയാണ് ഇതൊക്കെ കേരള സര്ക്കാരിന്റെ വ്യക്തിപരമായ നേട്ടങ്ങളല്ല. കേരളത്തിലെ സര്ക്കാരും കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്ട്ടികളും കേരളത്തിലെ ജനങ്ങളാകെയും ഒരുമിച്ച് നിന്നതിന്റെ നേട്ടമാണ് കേരളത്തിലെ ജനങ്ങളുടെ നേട്ടമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രത്യേകതയാണ്.
ഇവിടെ അദ്ഭുതപ്പെടുത്തിയ ഒരു കാര്യം ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്ട്ടിയെ വ്യക്തിഹത്യ നടത്തുന്ന ഒരു പ്രസ്താവനയല്ല. ജനങ്ങളെ, ഒരു ജനതയെ വ്യക്തിഹത്യ നടത്തുന്ന പ്രസ്താവനയാണ്. എന്നാല് കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിലുള്ള ആരും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല എന്നുള്ളത് അദ്ഭുതകരമാണ്.
കെപിസിസി പ്രസിഡന്റിന് അമിത് ഷാ യുടെ അഭിപ്രായത്തെ കുറിച്ച് എന്താണ് നിലപാട്. കേരളത്തിലെ പ്രതിപക്ഷ നേതാവിന് അമിത് ഷാ പറഞ്ഞതിനെ കുറിച്ച് എന്താണ് നിലപാട്. പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനും അമിത് ഷാ പറഞ്ഞതിനെ കുറിച്ച് മൗനം നടിക്കാന് കാരണമായ സമീപനം എടുക്കാന് സ്വീകരിച്ച ആ രീതി എന്തുകൊണ്ടാണ്. ഇതൊക്കെ അറിഞ്ഞാല് കൊള്ളാമെന്ന് പൊതുവെ ജനങ്ങള് കാണുന്നു. കേരളം ഭരിക്കുന്നത് ഇടതുപക്ഷ സര്ക്കാര് ആയതുകൊണ്ട് കേരളത്തിന്റെ യുഡിഎഫ് നേതൃത്വം ഇതിനോട് മൗനം പാലിക്കുന്നത്. കേരളത്തിലെ ജനങ്ങളെ അപഹാസ്യമാക്കുന്ന നിലപാടിന് ചൂട്ടുകത്തിച്ചുകൊടുന്ന ഏർപ്പാട് ആണ് – റിയാസ് പറഞ്ഞു.















