കൊല്ലം
ഷിബു ബേബിജോൺ ആർഎസ്പി സംസ്ഥാന സെക്രട്ടറിയാകും. 20ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ തീരുമാനമുണ്ടാകും. നിലവിലെ സെക്രട്ടറി എ എ അസീസ് സ്ഥാനം ഒഴിയുന്നുവെന്ന് കമ്മിറ്റിയെ അറിയിക്കും. സെക്രട്ടറി സ്ഥാനം ദേശീയ കമ്മിറ്റിക്കു ശേഷം ഒഴിയുമെന്ന് അസീസ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ, ഡൽഹിയിൽ ചേർന്ന ദേശീയ കമ്മിറ്റിയിൽ ഇതുസംബന്ധിച്ച് ചർച്ചയുണ്ടായില്ല. എങ്കിലും മുൻ ധാരണപ്രകാരം അസീസ് ഒഴിഞ്ഞ് ഷിബു ബേബിജോൺ സെക്രട്ടറിയാകുമെന്ന് മുൻനിര നേതാക്കൾ പറഞ്ഞു. സെക്രട്ടറിസ്ഥാനം ഒഴിയുന്നത് അസീസ് ദേശീയ നേതാക്കളെ അറിയിച്ചിട്ടുണ്ട്. സെപ്തംബർ ആദ്യം കൊല്ലത്തു ചേർന്ന സംസ്ഥാന സമ്മേളനത്തിൽ അസീസ് ഒഴിയുമെന്ന് ഷിബു വിഭാഗം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സെക്രട്ടറിസ്ഥാനം പിടിച്ചുവാങ്ങാൻ ആരും ശ്രമിക്കേണ്ടെന്നും തൽക്കാലം ഒഴിയില്ലെന്നുമുള്ള കടുത്ത നിലപാടാണ് അസീസ് സ്വീകരിച്ചത്. ഇതു സമ്മേളനത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
സമ്മേളനത്തിനുശേഷം സെക്രട്ടറിസ്ഥാനം ഒഴിഞ്ഞാൽ മതിയെന്നുള്ള കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എൻ കെ പ്രേമചന്ദ്രന്റെ ഒത്തുതീർപ്പ് നിർദേശം അസീസും ഷിബുവും അംഗീകരിക്കുകയായിരുന്നു. നിർണായക ഘട്ടങ്ങളിൽ പ്രേമചന്ദ്രന്റെ നിലപാടിനൊപ്പമാണ് അസീസ്. ഇതിന്റെ ഭാഗമായാണ് സെക്രട്ടറിസ്ഥാനം ഒഴിയുമെന്ന് അടുത്തിടെ അസീസ് മാധ്യമങ്ങളോട് പറഞ്ഞതും.
അതേസമയം, സെക്രട്ടറിയായി ഷിബു വരുന്നതിൽ അസീസിനെയും പ്രേമചന്ദ്രനെയും അനുകൂലിക്കുന്നവരിൽ കടുത്ത എതിർപ്പുണ്ട്. പാർടിയെ ഹൈജാക്ക് ചെയ്ത് ബിസിനസ് താൽപ്പര്യം മാത്രമായി ഷിബു മുന്നോട്ടുപോയാൽ മറ്റു മാർഗങ്ങൾ തേടുന്നത് അസീസ്–-പ്രേമചന്ദ്രൻ വിഭാഗത്തിന്റെ ആലോചനയിലുണ്ട്. എന്നാൽ, അസീസ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ കടുത്ത തീരുമാനം എടുക്കുമെന്നാണ് ഷിബു വ്യക്തമാക്കിയിട്ടുള്ളത്. പ്രേമചന്ദ്രൻ–-ഷിബു വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ കഴിഞ്ഞ ജില്ലാകമ്മിറ്റിയിലും ഉണ്ടായി.