കോട്ടയം
‘കേരളം റബർ കർഷകർക്കൊപ്പ’മെന്ന് ഉറപ്പിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ സിപിഐ എം സംഘടിപ്പിച്ച ജനസദസ്സിൽ വൻ ജനപങ്കാളിത്തം. കർഷകരും തൊഴിലാളികളും കച്ചവടക്കാരും സംഘടനാ പ്രവർത്തകരുമടക്കം ആയിരങ്ങൾ പങ്കെടുത്തു. റബർ മേഖലയെ പ്രതിസന്ധിയിലേക്ക് നയിച്ചവരെയും കൂടുതൽ തീവ്രമാക്കിയവരെയും തുറന്നുകാട്ടി, കർഷകർക്കൊപ്പം എക്കാലവും നിന്ന ഇടതുപക്ഷ ബദൽ ആവർത്തിച്ച് വ്യക്തമാക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ജനസദസ്സ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച്, ബിജെപി തീവ്രമാക്കിയ നയം ഉണ്ടാക്കാവുന്ന അപകടം വ്യക്തമാക്കി ഇടതുപക്ഷം അന്നേ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അന്ന് ഇടതുപക്ഷത്തെ അപമാനിച്ചവരാണ് ഇപ്പോൾ സമരവുമായി വരുന്നത്. തങ്ങൾ ചെയ്ത തെറ്റ് ഏറ്റുപറയാനുള്ള സാമാന്യ മര്യാദ ഇവർ കാണിക്കണം–- മുഖ്യമന്ത്രി പറഞ്ഞു.
റബർ കർഷകന് ഉൽപ്പാദനച്ചെലവിനേക്കാൾ ഉയർന്ന വില ലഭിക്കാൻ ഡോ. സ്വാമിനാഥൻ കമീഷൻ ശുപാർശ കേന്ദ്രം നടപ്പാക്കണമെന്ന് ജനസദസ്സിനു മുന്നോടിയായി നടന്ന ‘റബർ കൃഷി: സാധ്യതകളും പ്രതിസന്ധിയും’ സെമിനാർ ഉദ്ഘാടനം ചെയ്ത കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ പറഞ്ഞു. കാർഷിക മേഖലയെ കോർപറേറ്റുകൾ കൈയടക്കുന്നത് തടയാൻ ഡൽഹിയിലെ കർഷക സമരത്തിന് സമാനമായ പോരാട്ടം ഉണ്ടാകണമെന്ന് വിഷയാവതരണത്തിൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പറഞ്ഞു. തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും ജീവിതംമുട്ടിക്കുന്ന നിലപാടിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.
വിലസ്ഥിരതാ ഫണ്ടും കേരള റബർ ലിമിറ്റഡും പ്രതിസന്ധിയെ മുറിച്ചുകടക്കാനുള്ള ചുവടുവയ്പ്പുകളാണെന്ന് കേരള റബർ ലിമിറ്റഡ് എംഡി ഡോ. ഷീല തോമസ് പറഞ്ഞു. റബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജോർജ് വാലി സംസാരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ അധ്യക്ഷനായി.