റിയാദ്
ഫിഫ ക്ലബ് ഫുട്ബോൾ ലോകകപ്പിൽ അഞ്ചാംതവണയും മുത്തമിട്ട് റയൽ മാഡ്രിഡ്. റിയാദിൽ നടന്ന ഫൈനലിൽ സൗദി ക്ലബ് അൽ ഹിലാലിനെ ആവേശകരമായ പോരാട്ടത്തിൽ കീഴടക്കിയാണ് റയലിന്റെ നേട്ടം. 5–-3നായിരുന്നു ജയം. ഇരട്ടഗോളുമായി വിനീഷ്യസ് ജൂനിയറും ഫെഡെറികോ വാൽവെർദെയും തിളങ്ങി. ഒരു ഗോൾ കരിം ബെൻസെമയും നേടി.
അൽ ഹിലാലിനായി ലൂസിയാനോ വിയെറ്റോ ഇരട്ടഗോളടിച്ചു. ഒരെണ്ണം മൗസ മറേഗയും. സെമിയിൽ അൽ അഹ്ലിയെ 4–-1നാണ് കാർലോ ആൻസെലോട്ടിയുടെ റയൽ തകർത്തത്. ഫൈനലിൽ വിനീഷ്യസിന്റെയും വാൽവെർദെയുടെയും ഗോളിൽ തുടക്കത്തിൽ റയൽ ലീഡ് നേടി. മറേഗയിലൂടെ അൽ ഹിലാൽ ഒരെണ്ണം മടക്കി. എന്നാൽ, രണ്ടാംപകുതിയിൽ ബെൻസെമ റയലിന്റെ ലീഡ് ഉയർത്തി. പിന്നാലെ വാൽവെർദയും വിനീഷ്യസും ഒരിക്കൽക്കൂടി ലക്ഷ്യംകണ്ടു. അവസാനഘട്ടത്തിൽ വിയെറ്റോ ഇരട്ടഗോളുമായി ഭീഷണി ഉയർത്തിയെങ്കിലും റയലിനെ തടയാനായില്ല.
ക്ലബ് ലോകകപ്പിന്റെ ഘടന മാറ്റാനൊരുങ്ങുകയാണ് ഫിഫ. 2025 മുതൽ 32 ടീമുകളായിരിക്കും. നാല് വർഷത്തിൽ ഒരിക്കലായിരിക്കും ടൂർണമെന്റ്.