കേപ്ടൗൺ
പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ അരങ്ങേറി. ജയിക്കാൻവേണ്ട 150 റൺ ഒരോവർ ബാക്കിയിരിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടി. ജെമീമ റോഡ്രിഗസും (38 പന്തിൽ 53*) റിച്ചാഘോഷും (20 പന്തിൽ 31*) വിജയമൊരുക്കി.
സ്കോർ: പാകിസ്ഥാൻ 4–-149, ഇന്ത്യ 3–-151 (19)
ലോകകപ്പിൽ ഇന്ത്യ പിന്തുടർന്ന് വിജയിച്ച ഉയർന്ന സ്കോറാണിത്. ഓപ്പണർമാരായ ഷഫാലി വർമയും (25 പന്തിൽ 33) യസ്തിക ഭാട്യയും (20 പന്തിൽ 17) നല്ല തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് 16 റണ്ണിന് പുറത്തായി.
അവസാന നാലോവറിൽ 41 റണ്ണായിരുന്നു ഇന്ത്യക്ക് ആവശ്യം. മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞ ജെമീമയ്ക്ക് വിക്കറ്റ്കീപ്പറായ റിച്ച നല്ല കൂട്ടായി. ജെമീമ എട്ടും റിച്ച അഞ്ചും ഫോറടിച്ചു. ഇരുവരും നാലാംവിക്കറ്റിൽ നേടിയത് 58 റൺ. പാകിസ്ഥാനുവേണ്ടി ക്യാപ്റ്റൻ ബിസ്മ മറൂഫും (68) ആയിഷ നസീമും (43) പുറത്താകാതെ മികച്ച സ്കോർ ഒരുക്കി. അഞ്ചാംവിക്കറ്റിൽ ഇരുവരും 81 റണ്ണടിച്ചു. ഇന്ത്യക്ക് 15ന് വിൻഡീസുമായാണ് അടുത്തകളി. ഇന്ത്യ ഉൾപ്പെട്ട ബി ഗ്രൂപ്പിൽ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് വിൻഡീസിനെ തോൽപ്പിച്ചു. ചാമ്പ്യൻമാരായ ഓസ്ട്രേലിയ എ ഗ്രൂപ്പിൽ ന്യൂസിലൻഡിനെ 97 റണ്ണിന് തകർത്തു.