ന്യൂഡല്ഹി> കരസേനയിലെ മുന് ബ്രിഗേഡിയര് ബി ഡി മിശ്രയെ ലഡാക്കിലെ പുതിയ ലഫ്. ഗവര്ണറായി നിയമിച്ചു . അരുണാചല്പ്രദേശിലെ ഗവര്ണറായിരുന്നു ബി ഡി മിശ്ര. മേഘാലയുടെ അധിക ചുമതലയും ബി ഡി മിശ്രയ്ക്ക് ഉണ്ടായിരുന്നു. ജനങ്ങളുടെ വ്യാപകമായ പരാതിയെ തുടര്ന്ന് ലഫ്. ഗവര്ണറായിരുന്ന രാധാകൃഷ്ണ മാഥൂറിനെ മാറ്റിയാണ് ബി ഡി മിശ്രയെ ലഡാക്കില് ലഫ്. ഗവര്ണറായി നിയമിച്ചത്.
2019 ലാണ് ജമ്മു കാശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. ലഡാക്കിനും ജമ്മു കാശ്മീരിനുമായി രണ്ട് ലഫ്. ഗവര്ണര്മാരെ നിയമിച്ചു. മുന് ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ആര് കെ മാഥൂറിനെ ലഡാക്കിലെ ആദ്യ ലഫ്. ഗവര്ണറായി കേന്ദ്രം നിയമിക്കുകയായിരുന്നു. ലഫ്. ഗവര്ണര് എന്ന നിലയില് നടപ്പാക്കിയ തീരുമാനങ്ങള്ക്കെതിരെ തുടക്കം മുതല് തന്നെ ആര് കെ മാഥൂറിനെതിരെ വലിയ പ്രതിഷേധങ്ങള് ഉണ്ടായിരുന്നു. ഇത് ജനകീയ സമരമായി മാറിയ സാഹചര്യത്തിലാണ് കാലാവധി തീരുന്നതിന് മുന്പേ ആര് കെ മാഥൂറിനെ നീക്കിയത്. ആര് കെ മാഥൂറിന്റെ രാജി അംഗീകരിച്ചതായി രാഷ്ട്രപതി ഭവന് അറിയിച്ചു.
ദേശീയ സുരക്ഷാ ഗാര്ഡിന്റെ മുന് കമാണ്ടറായിരുന്നു പുതിയ ലഫ്. ഗവര്ണര് ബി ഡി മിശ്ര. 1993ലെ വിമാനറാഞ്ചല് സംഭവത്തില് 141 യാത്രക്കാരെയും രക്ഷപ്പെടുത്തിയ സൈനിക ഓപ്പറേഷനിന് നേതൃത്വം നല്കിയത് ബി ഡി മിശ്ര ആയിരുന്നു. 1962ലെ ഇന്ത്യ ചൈന യുദ്ധം, 1971 ലെ ബംഗ്ലാദേശ് യുദ്ധം തുടങ്ങി കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം പാക് – ചൈന അതിര്ത്തികളില് കരസേനാ നടത്തിയ പ്രധാന ഓപ്പറേഷനുകളിലെല്ലാം പങ്കാളിയായിരുന്നു ബി ഡി മിശ്ര.
2017ല് അരുണാചല് പ്രദേശ് ഗവര്ണറായ ബി ഡി മിശ്രയ്ക്ക് കഴിഞ്ഞ വര്ഷം ഒക്ടോബറില് മേഘാലയയുടെ അധിക ചുമതലകൂടി നല്കി . 5 വര്ഷം കാലാവധി പൂര്ത്തിയായ സാഹചര്യത്തിലാണ് ലഡാക്കിലെ രണ്ടാമത്തെ ലഫ് ഗവര്ണറായി ബി ഡി മിശ്രയെ നിയമിക്കുന്നത്.