കോഴിക്കോട്> കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസി ചാടിപ്പോയി. കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയാണ് ചാടിപ്പോയത്. ഇന്നലെ രാത്രിയാണ് സംഭവം.ഫൊറന്‍സിക് വാര്‍ഡിലെ തടവുകാരിയായ പൂനം ദേവിയാണ് രക്ഷപ്പെട്ടത്. മലപ്പുറം വേങ്ങര സഞ്ചിത് പസ്വാന് വധക്കേസിലെ പ്രതിയാണിവര്‍.
ശുചിമുറിയുടെ വെന്റിലേറ്റര്‍ ഗ്രില്‍ കുത്തി ഇളക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് മാനിസികാസ്വാസ്ഥ്യമുണ്ടെന്നും ഇവരെ കിടത്തി ചികിത്സിക്കണമെന്നും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും റഫര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് പൂനംദേവിയെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.
പിന്നീട് വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇവരെ ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു . ഈ വാര്‍ഡിലെ ശുചിമുറിയിലെ വെന്റിലേറ്റര്‍ കുത്തിത്തുറന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.