കൊച്ചി
കേരളത്തെ വൈജ്ഞാനികസമൂഹമാക്കി മാറ്റാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച് പ്രമുഖ വ്യവസായിയും ഭാരത് ബയോടെക് എക്സിക്യൂട്ടീവ് ചെയർമാനുമായ കൃഷ്ണ എല്ല. സംരംഭകത്വത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ അതിശയകരമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാമത് പ്രൊഫഷണൽ വിദ്യാർഥി ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കൃഷ്ണ എല്ല.
നാളത്തെ ലോകം വിജ്ഞാനത്തിൽ അധിഷ്ഠിതമായതാകും. ആർജിതവിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനമാകും ഇനി ലോകത്തുണ്ടാകുക. വിജ്ഞാനമുള്ളവരും അതില്ലാത്തവരും എന്ന വിഭജനമാണ് ഉണ്ടാകാൻ പോകുന്നത്. എല്ലാം വിജ്ഞാനത്തിൽ അധിഷ്ഠിതമാകുന്ന വ്യവസ്ഥയാകും നിലവിൽവരിക. പുതിയ ആശയങ്ങളിലൂടെ യാഥാർഥ്യമാകുന്ന ഉൽപ്പാദന സമ്പദ്വ്യവസ്ഥ. വിജ്ഞാനം ആർജിച്ചവരുടെ സമൂഹമാണ് അത് സൃഷ്ടിക്കേണ്ടത്. വിദ്യാഭ്യാസവും നൈപുണ്യവും ഭാവനയും ചേരുമ്പോഴാണ് മികച്ച സംരംഭങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.