കോന്നി
കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ സംഭവത്തിൽ വിശദറിപ്പോർട്ട് നൽകാൻ റവന്യു മന്ത്രി കെ രാജൻ കലക്ടർക്ക് നിർദേശം നൽകി. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. വെള്ളിയാഴ്ചയാണ് തഹസിൽദാർ ഉൾപ്പടെയുള്ള താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത്. അഡ്വ. കെ യു ജനീഷ്കുമാർ എംഎൽഎ ഓഫീസിലെത്തിയപ്പോഴാണ് 60 ജീവനക്കാരിൽ 21 പേർ മാത്രം ഹാജർ രേഖപ്പെടുത്തിയതായി അറിയുന്നത്. 19 പേർ അവധി അപേക്ഷ നൽകിയിരുന്നു. 20 പേർ ഒരറിയിപ്പും നൽകിയിരുന്നില്ല.
എംഎൽഎ ഫോണിൽ വിളിച്ചപ്പോൾ കലക്ടർക്ക് അവധി അപേക്ഷ നൽകിയാണ് താൻ പോയതെന്നും മറ്റുള്ളവർക്ക് അവധി അനുവദിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു തഹസിൽദാരുടെ മറുപടി. അഡീഷണൽ തഹസിൽദാർ ഹാജർ ബുക്കിൽ ജോലിക്കെത്താത്തവരുടെ അവധി രേഖപ്പെടുത്തി. പ്രാദേശിക ടൂറിസവുമായി ബന്ധപ്പെട്ട് തഹസിൽദാർ പങ്കെടുക്കുന്ന യോഗം ചേരാൻ മന്ത്രി നിർദേശിച്ച ദിവസമാണ് ജീവനക്കാരുടെ കൂട്ട അവധി. ഔദ്യോഗിക ആവശ്യമുള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് തഹസിൽദാർ യോഗം മാറ്റിയത്. ഇതിനിടെ ജീവനക്കാർ വിനോദയാത്ര നടത്തുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റടക്കമുള്ളവർ യാത്രയിലുണ്ട്.