കൊച്ചി
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ 59–-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം എറണാകുളം മറൈൻഡ്രൈവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ അധ്യക്ഷനായി.
ഹോട്ടൽ മേഖലയിൽ കഴിവ് തെളിയിച്ചവരെ വ്യവസായമന്ത്രി പി രാജീവ് ആദരിച്ചു. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, മേയർ എം അനിൽകുമാർ, കെഎച്ച്ആർഎ ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ എന്നിവര്‍ സംസാരിച്ചു. രാവിലെ വ്യാപാര സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ബിസിനസ് മീറ്റ് നടന്നു.
പ്രതിനിധി സമ്മേളനം ഞായർ രാവിലെ 10ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യസുരക്ഷാ സെമിനാറുകൾ, നവീന ഹോട്ടൽ ഉപകരണങ്ങളുടെ എക്സ്പോ, മാധ്യമ സെമിനാർ, കുടുംബസംഗമം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. വെള്ളിയാഴ്ച കുടുംബസംഗമം മന്ത്രി അഹമ്മദ് ദേവർകോവിലും എക്സ്പോ മേയർ എം അനിൽകുമാറും ഉദ്ഘാടനം ചെയ്തു.
അശാസ്ത്രീയ നികുതിപരിഷ്കാരം ഹോട്ടല്‍ മേഖലയെ
പ്രതികൂലമായി ബാധിച്ചു: മുഖ്യമന്ത്രി
ഭക്ഷ്യധാന്യങ്ങൾക്ക് ഉൾപ്പെടെ ജിഎസ്ടി ഏർപ്പെടുത്തിയ അശാസ്ത്രീയമായ നികുതി പരിഷ്കാരങ്ങൾ രാജ്യത്ത് ഏറ്റവും പ്രതികൂലമായി ബാധിച്ചത് സാധാരണക്കാർക്കൊപ്പം ഹോട്ടൽ–-റസ്റ്റോറന്റ് മേഖലയെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രളയവും കോവിഡും ഏറ്റവും അധികം ബാധിച്ച മേഖലയാണ് ഹോട്ടലും റസ്റ്റോറന്റും. അടഞ്ഞുപോയ പല ഹോട്ടലുകളും ഇതുവരെ തുറക്കാനായിട്ടില്ല. ഇവയ്ക്കുപുറമെയാണ്, എന്തിനെല്ലാം നികുതി ചുമത്തണം എത്ര ചുമത്തണം എന്നിവയിലെല്ലാം വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായത്. വിവിധ സംഘടനകളുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ ഹോട്ടലുകൾക്ക് ഉയർന്ന സ്ലാബിൽ ജിഎസ്ടി ഏർപ്പെടുത്തി. ഭക്ഷ്യസാധനങ്ങൾക്കും ജിഎസ്ടി ഏർപ്പെടുത്തി. നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പാചകവാതക വിലയും ക്രമാതീതമായി വർധിപ്പിച്ചു. ഇത്തരത്തിലുള്ള നടപടികളിലൂടെ ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടൽ ഭക്ഷണത്തിൽ പുതിയ രീതികൾ അംഗീകരിക്കപ്പെട്ടതോടെ അപൂർവം ചിലർ നടത്തുന്ന പരീക്ഷണങ്ങൾ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചത് സംഘടന ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരമായി ഹോട്ടൽ ഭക്ഷണംമാത്രം കഴിക്കുന്നവരുണ്ട്. ഹോട്ടലുകളിലെ നമ്മുടെ ഭക്ഷണം പൊതുവിൽ പരാതികളില്ലാത്തതായിരുന്നു. എന്നാൽ, പുതിയ പരീക്ഷണങ്ങൾ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം പ്രശ്നങ്ങൾ എന്താണെന്ന് എല്ലാവർക്കും അറിയാം. സാമൂഹ്യപ്രതിബദ്ധതയുള്ള സംഘടന എന്ന നിലയിൽ ഇത്തരം കാര്യങ്ങളിൽ കൃത്യത പാലിക്കാൻ അംഗങ്ങളെ നിർബന്ധിക്കണമെന്ന് കെ എച്ച്ആർഎ ഭാരവാഹികളോട് മുഖ്യമന്ത്രി നിർദേശിച്ചു. അമ്മയുടെ അടുത്തെത്തി ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയാണ് ഹോട്ടലുകളിൽനിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.