കൊച്ചി
കോടതി നടപടികൾ കൂടുതൽ സുതാര്യശുദ്ധി ഉള്ളതായാലേ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വർധിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപെൻഡ് നൽകുന്ന പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.നീതി നിഷേധിക്കപ്പെടുമ്പോൾ അഭിഭാഷകർ സ്വമേധയാ ഇടപെടുന്ന രീതിയുണ്ടായിരുന്നു. സാമ്പത്തികേതരമായ മാനുഷിക പരിഗണനകൾക്ക് പ്രാധാന്യം നൽകുന്ന രീതിയുണ്ടായിരുന്നു. അതൊക്കെ നീതി നടപ്പാക്കാൻ ജുഡീഷ്യറിക്ക് സഹായകമാകുകയും ചെയ്തിരുന്നു. എന്നാൽ, പുതിയകാലത്ത് മറ്റുചില പ്രവണതകൾ ഉണ്ടാകുന്നുണ്ടോയെന്ന് ചിന്തിക്കണം. ആവശ്യമുള്ള തലങ്ങളിൽ ഇടപെടേണ്ടത് ബാർ കൗൺസിലിന്റെ കടമയാണെന്നും അത് നിർവഹിക്കുന്നതിൽ കൂടുതൽ ശ്രദ്ധവയ്ക്കണമെന്ന് ഓർമിപ്പിക്കുന്ന പല കാര്യങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, അധികാരം തുടങ്ങിയവയെ ആദരിക്കുന്ന വിധത്തിൽ ജുഡീഷ്യൽ ഓഫീസർമാരുടെ നിയമനം കൃത്യമായി നടക്കണം. വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിക്ക് തുല്യമാണെന്നനിലയ്ക്ക് വേണം കാര്യങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും. ഇത്രയധികം കേസുകൾ കൈകാര്യംചെയ്യാൻ ആവശ്യമായ കോടതികളോ ജുഡീഷ്യൽ ഉദ്യോഗസ്ഥരോ നമുക്കില്ല. ഇവയുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം പ്രധാനമാണ് അഭിഭാഷകരുടെ നീതിബോധവും നീതിയുക്തമായ ഇടപെടലുകളുമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
അഭിഭാഷകവൃത്തിയുടെ മഹിമ കാത്തുസൂക്ഷിക്കാൻ അഭിഭാഷകർക്ക് കടമയുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ചീഫ് ജസ്റ്റിസ് എസ് മണികുമാർ പറഞ്ഞു. കേരള അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതി വരുത്തിയാണ് മാസംതോറും 3000 രൂപവീതം ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപെൻഡ് സാധ്യമാക്കിയതെന്നും രാജ്യത്തുതന്നെ അപൂർവമാണ് ഈ പദ്ധതിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ എൻ അനിൽകുമാർ അധ്യക്ഷനായി. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, കേരള ബാർ കൗൺസിൽ ഓണററി സെക്രട്ടറി ജോസഫ് ജോൺ, ട്രഷറർ അഡ്വ. കെ കെ നാസർ തുടങ്ങിയവർ സംസാരിച്ചു.