തിരുവനന്തപുരം
പുനഃസംഘടന നടത്താനുള്ള ജില്ലാ സമിതികൾ പട്ടിക തയ്യാറാക്കി അയക്കാൻ തടസ്സം നിൽക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന് സുധാകരപക്ഷം. ബഹുഭൂരിപക്ഷം ജില്ലാ സമിതികളിലും ഏറ്റുമുട്ടലുണ്ടാക്കി. സമവായ സാധ്യതയുള്ള ജില്ലകളിൽനിന്നുപോലും പട്ടിക അയക്കാൻ തടസ്സം നിൽക്കുന്നു. ജനുവരി 11ന് കെപിസിസി തീരുമാനപ്രകാരമാണ് ജില്ലാ സമിതികൾ രൂപീകരിച്ച് ഒരുമാസത്തിനകം ഡിസിസി, മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുടെ പട്ടിക അയക്കാൻ പറഞ്ഞത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മരിയാപുരം ശ്രീകുമാറിന്റെ നേതൃത്വത്തിൽ ചിലരെ ഒഴിവാക്കി പട്ടിക തയ്യാറാക്കാനുള്ള നീക്കം എം ലിജു തടഞ്ഞു. യോഗം നടക്കവെ എം ലിജു കെ സുധാകരനെ വിളിച്ച് പരാതി അറിയിച്ചു. സുധാകരൻ അപ്പോൾത്തന്നെ ഇടപെട്ടു. തുടർന്ന് മരിയാപുരം ഉൾപ്പെടെ നേതാക്കൾ ഇറങ്ങിപ്പോയി.
പ്രതാപചന്ദ്രന്റെ മരണം ; തന്നെ കുടുക്കിയതാണെന്ന്
സിയുസി അംഗം
കെപിസിസി ട്രഷറർ ആയിരുന്ന വി പ്രതാപചന്ദ്രന്റെ മരണത്തിൽ തന്നെ കുടുക്കാൻ ഗൂഢാലോചന നടന്നതായി കാണിച്ച് സിയുസി അംഗം പ്രമോദ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പരാതി നൽകി. സുധാകരനൊപ്പമുള്ള കെപിസിസി ഭാരവാഹികളും ജീവനക്കാരും ടി യു രാധാകൃഷ്ണൻ, വിനോദ് കൃഷ്ണ, ആർ വി രാജേഷ്, അജിത്, പ്രതാപചന്ദ്രന്റെ മകൻ പ്രജിത് എന്നിവർ ചേർന്ന് തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തി. പ്രജിത്തും മറ്റും പ്രതാപചന്ദ്രനെ മർദിക്കാറുണ്ട്. തങ്ങൾക്ക് മരണവുമായി ബന്ധമില്ലെന്നും പ്രതിപക്ഷ നേതാവിന് നൽകിയ പരാതിയിൽ പറഞ്ഞു.