പാലക്കാട്
ഇന്ധന സെസിനെതിരെ ബിജെപിയും യുഡിഎഫും നടത്തുന്ന പ്രതിഷേധങ്ങൾക്കുപിന്നിൽ രാഷ്ട്രീയം മാത്രമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ തീരുമാനത്തെ പാർടി തിരുത്തേണ്ട സാഹചര്യമില്ല. എൽഡിഎഫ് സർക്കാർ വികസനത്തിൽ ഒരിഞ്ച് മുന്നോട്ടു പോകരുതെന്ന ബിജെപി, കോൺഗ്രസ് തീരുമാനത്തിന് വഴങ്ങാനാവില്ല. കേന്ദ്രത്തിൽ നിന്ന് ഒരു വർഷം സംസ്ഥാനത്തിന് കിട്ടാനുള്ള 40,000 കോടി രൂപ ലഭിക്കുന്നില്ല. പത്താം പദ്ധതി വിഹിതം 3.9 കോടി രൂപ കിട്ടിയിരുന്നത് ഇത്തവണ 1.9 ശതമാനമാക്കി വെട്ടിക്കുറച്ചു. ഇതിനെതിരെ ബിജെപിയും യുഡിഎഫും മിണ്ടുന്നില്ല.
പതിനായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖല ഉൾപ്പടെ സംസ്ഥാനം മുന്നോട്ടു വന്നിട്ടും പദ്ധതി വിഹിതം കുറയ്ക്കുന്നു. 9000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരം കിട്ടിയിട്ടില്ല. 750 കോടി ജിഎസ്ടി കുടിശികയും തന്നില്ല. കേരളത്തിന്റെ റവന്യൂ കമ്മിയുടെ ഭാഗമായി ലഭിക്കേണ്ട 6,716 കോടി രൂപ ഗ്രാൻഡും തന്നില്ല. കടം വാങ്ങാനുള്ള ശേഷിയിൽ ഏതാണ്ട് 3500 കോടിയാണ് കുറഞ്ഞത്. ഇവയൊക്കെ ലഭിക്കാതെ വന്നാൽ ക്ഷേമപെൻഷൻ ഉൾപ്പടെയുള്ള സേവനങ്ങൾ മുടങ്ങും. ഇതൊഴിവാക്കാനുള്ള ചെറിയ സഹായമെന്ന നിലയിലാണ് സെസ് ഉയർത്തിയത്.
റിസോർട്ട് വിവാദം
മാധ്യമ സൃഷ്ടി
കണ്ണൂർ റിസോർട്ടുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും നടക്കുന്നില്ല. വിവാദങ്ങൾ മാധ്യമ സൃഷ്ടി മാത്രം. ചാനൽ ചർച്ചകൾക്ക് വംശവദമാവാൻ പാർടിയെ കിട്ടില്ല. ചിന്ത ജെറോമിനെതിരെ ഒരു സ്ത്രീ എന്ന നിലയിൽ നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി എതിർക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.