ഭുവനേശ്വർ
ബംഗാളിന്റെ പേരും പെരുമയുമൊന്നും ഡൽഹിയുടെ ചുണക്കുട്ടികൾ കൂസാക്കിയില്ല. 32 തവണ സന്തോഷ് ട്രോഫി ഉയർത്തിയ ബംഗാളിനെ 2–-2ന് തളച്ച് ഡൽഹി കരുത്തുകാട്ടി. ഗ്രൂപ്പ് എയിൽ ചാമ്പ്യൻമാരായ കേരളം ഇന്ന് അയൽക്കാരായ കർണാടകത്തെ നേരിടും. ഒഡിഷ ഫുട്ബോൾ അക്കാദമിയുടെ ഏഴാം ബറ്റാലിയൻ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിനാണ് മത്സരം. ഫാൻകോഡ് ഓൺലൈനിൽ തത്സമയം കാണാം.
ബംഗാളിനെതിരെ നീരജ് ഭണ്ഡാരിയുടെ ഹെഡ്ഡറിലൂടെ എട്ടാംമിനിറ്റിൽത്തന്നെ ഡൽഹി മുന്നിലെത്തിയതാണ്. എന്നാൽ, ക്യാപ്റ്റൻ നാരോ ഹരി ശ്രേഷ്തയുടെ ഇരട്ടഗോളിൽ ബംഗാൾ മറുപടി നൽകി. പക്ഷേ, തോറ്റുകൊടുക്കാൻ ഇന്ദ്രപ്രസ്ഥാനത്തെ പോരാളികൾ തയ്യാറായിരുന്നില്ല. ഗൗരവ് റാവത്തിലൂടെ തിരിച്ചടിച്ചു. ജയംപിടിക്കാൻ അവസരങ്ങളുണ്ടായിട്ടും ഡൽഹിക്ക് മുതലാക്കാനായില്ല. ബംഗാൾ ഗോൾകീപ്പർ ശുഭം റോയിയുടെ തകർപ്പൻ പ്രകടനവും അവരെ അകറ്റി.
കടുത്ത പോരാട്ടത്തിൽ ഗോവയെ 3–-2ന് വീഴ്ത്തിയാണ് കേരളം രണ്ടാംമത്സരത്തിനിറങ്ങുന്നത്. കർണാടകത്തിനെതിരെ തകർപ്പൻ ജയമാണ് പി ബി രമേശും സംഘവും ലക്ഷ്യമിടുന്നത്. മധ്യനിരയിൽ വി അർജുനു പകരം ഗിഫ്റ്റി സി ഗ്രേഷ്യസ് എത്തും. ജി സഞ്ജുവിന്റെ പരിക്ക് കാര്യമുള്ളതല്ല. ഈ പ്രതിരോധക്കാരൻ ഇന്നിറങ്ങും. ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി ഒന്നാമതാണ് കേരളം. ഇന്ന് ജയിച്ചാൽ സെമിസാധ്യതകൾ വർധിക്കും. പഞ്ചാബിനോട് 2–-2ന് സമനില വഴങ്ങിയാണ് കർണാടകം എത്തുന്നത്. രവി ബാബു രാജുവാണ് പരിശീലകൻ. മണിപ്പുർ റെയിൽവേസിനെ 4–-1ന് തോൽപ്പിച്ചു. മണിപ്പൂരിന്റെ നങ്ബാം നവോച സിങ് ഹാട്രിക് നേടി. സർവീസസ് മേഘാലയയെ രണ്ട് ഗോളിന് തോൽപ്പിച്ചു.