ന്യൂഡൽഹി
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ തകർച്ചയിൽ വലിയ നഷ്ടം നേരിട്ട നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിൽ മറുപടിയുമായി കേന്ദ്ര ധനമന്ത്രി. ‘ഇന്ത്യയിലെ ഓഹരി കമ്പോളത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങൾ ആവശ്യമായ പ്രായോഗികപരിചയം ഉള്ളവരാണ്.
അവർ ഈ വിഷയം ഇതിനോടകം ഗൗരവത്തോടെ കാണുകയും ആവശ്യമായ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഞങ്ങൾ എന്ത് നിലപാടാണ് സ്വീകരിക്കാൻ പോകുന്നതെന്ന് ഇപ്പോൾ പറയാനാകില്ല’–- നിർമല സീതാരാമൻ പറഞ്ഞു. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി കഴിഞ്ഞദിവസം സെബിക്ക് നിർദേശം നൽകിയിരുന്നു.