അഗർത്തല
ത്രിപുരയിലെ ബിജെപി സർക്കാരിന്റെ പരാജയവും ജനദ്രോഹവും മൂടിവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളക്കഥകൾ മെനയുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം നിറയെ അസത്യങ്ങളും അർധസത്യങ്ങളുമാണ്. ത്രിപുരയ്ക്ക് വികസനവും ജനങ്ങൾക്ക് ജീവിതപുരോഗതിയും ഉണ്ടായത് ഇടതുമുന്നണി ഭരണത്തിലാണ്. 2018ൽ അധികാരത്തിൽ വന്ന ബിജെപി ഇതെല്ലാം തകർക്കുകയാണ് ചെയ്തത്–-മണിക് സർക്കാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട ബിജെപിയെ കരകയറ്റാൻ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്ഥാനം ദുരുപയോഗിക്കുകയാണ്. ആദിവാസിക്ഷേമം ഉറപ്പാക്കാൻ ത്രിപുരയിൽ ഇടതുമുന്നണി സർക്കാർ മേഖല കൗൺസിൽ രൂപീകരിക്കുകയും ക്ഷേമപദ്ധതികൾ നടപ്പാക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ ആദിവാസികളുടെ സ്ഥിതി എന്താണ്? ഇടതുമുന്നണി ഭരണകാലത്ത് സംസ്ഥാനം ശാന്തമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം ത്രിപുരയിൽ എന്താണ് നടന്നതെന്ന് എല്ലാവർക്കുമറിയാം. വഞ്ചിക്കപ്പെട്ട ത്രിപുര ജനതയ്ക്ക് മുന്നിൽ ഈ നാടകം വിലപ്പോകില്ല–- മണിക് സർക്കാർ പറഞ്ഞു.