നാഗ്പുർ
കറങ്ങിത്തിരിയുന്ന പന്തുകളിൽ കളിക്കാൻ ഓസ്ട്രേലിയ ഇനിയും പഠിക്കണം. ഇന്ത്യയുമായുള്ള ആദ്യ ടെസ്റ്റിൽ നാഗ്പുരിലെ സ്പിൻ ട്രാക്കിൽ ഓസീസ് നിലതെറ്റിവീണു. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാംറാങ്കുകാർക്ക് മൂന്നുദിനത്തിന് അപ്പുറത്തേക്ക് കളി നീട്ടാനുള്ള ശേഷിയുണ്ടായില്ല. മൂന്നാംദിനം 32.3 ഓവറിൽ കേവലം 91 റണ്ണിന് അവരുടെ ബാറ്റിങ് നിര കൂപ്പുകുത്തി. ഇന്ത്യ ഇന്നിങ്സിനും 132 റണ്ണിനുമാണ് ജയം നേടിയത്. രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റും 70 റണ്ണും നേടിയ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദി മാച്ച്. സ്കോർ: ഓസ്ട്രേലിയ 117, 91; ഇന്ത്യ 400.
രണ്ടാംഇന്നിങ്സിൽ ആർ അശ്വിനായിരുന്നു ഓസീസിന്റെ അന്തകൻ. ഇടംകൈയൻമാരുടെ പേടിസ്വപ്നമായ അശ്വിൻ ഓസീസ് ബാറ്റർമാരുടെ വേരറുത്തു. അഞ്ച് വിക്കറ്റാണ് രണ്ടാംഇന്നിങ്സിൽ ഈ ഓഫ് സ്പിന്നറുടെ നേട്ടം. 31–-ാംതവണയാണ് അഞ്ച് വിക്കറ്റ് നേട്ടം കുറിക്കുന്നത്. രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യ നേടിയ 20 വിക്കറ്റുകളിൽ 15 എണ്ണം ബൗൾഡോ എൽബിഡബ്ല്യുവോ ആയിരുന്നു. ഇന്ത്യൻ മണ്ണിൽ ഓസീസിന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഇന്ത്യക്കെതിരായ ടെസ്റ്റിൽ രണ്ടാമത്തെ മോശം സ്കോറും. 1981ൽ മെൽബണിൽ 81 റണ്ണിന് പുറത്തായതാണ് ഏറ്റവും മോശം സ്കോർ.
അഞ്ച് ഇടംകൈയൻമാരായിരുന്നു ഓസീസ് ബാറ്റിങ് നിരയിൽ. രണ്ട് ഇന്നിങ്സിലുമായി പത്തുതവണ ആകെ ക്രീസിലെത്തി. ആകെ നേടിയത് 67 റൺ. ഇന്ത്യൻ നിരയിലെ രണ്ട് ഇടംകൈയൻമാർ ചേർന്ന് നേടിയത് 154 റണ്ണും. മൂന്നാംദിനം 7–-321 റണ്ണെന്നനിലയിലാണ് ഇന്ത്യ കളി തുടങ്ങിയത്. തലേദിനത്തെ സ്കോറിനോട് നാല് റൺമാത്രം കൂട്ടിച്ചേർത്ത് ജഡേജ മടങ്ങിയപ്പോൾ ഓസീസ് പ്രതീക്ഷയിലായി. എന്നാൽ, അക്സർ പട്ടേലിന്റെ ബാറ്റിങ് മികവ് ഓസീസ് കാണാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. 84 റണ്ണാണ് ഇടംകൈയൻ അടിച്ചെടുത്തത്. പത്താമൻ മുഹമ്മദ് ഷമിയുമായി (37) ചേർന്ന് 52, പതിനൊന്നാമൻ മുഹമ്മദ് സിറാജിനൊപ്പം (1) 20 റണ്ണുകളും കൂട്ടിച്ചേർത്തു. സെഞ്ചുറി ലക്ഷ്യമാക്കി നീങ്ങിയ അക്സറിനെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബൗൾഡാക്കി. അപ്പോഴേക്കും ലീഡ് 223ൽ എത്തിച്ചിരുന്നു. ഇന്ത്യയുടെ മൂന്ന് സ്പിന്നർമാരും ചേർന്ന് നേടിയ റൺ ഓസീസിന്റെ ഒന്നാംഇന്നിങ്സ് സ്കോറിനൊപ്പമെത്തിയിരുന്നു. ഓസീസിനായി അരങ്ങേറ്റക്കാരൻ സ്പിന്നർ ടോഡ് മർഫി ഏഴ് വിക്കറ്റ് നേടി.
മറുപടി ഓസീസ് ഭയപ്പെട്ടതുപോലെതന്നെ സംഭവിച്ചു. പുതിയ പന്തിൽ അസാധ്യ ടേണുമായി അശ്വിൻ. ഓസീസിനാകട്ടെ രണ്ട് ഇടംകൈ ഓപ്പണർമാർ. മൂന്ന് ഇടംകൈയൻമാർ പിന്നാലെ. അഞ്ച് പന്തിൽതന്നെ അശ്വിൻ അപകടം വിതച്ചു. ഉസ്മാൻ ഖവാജ (5) വിരാട് കോഹ്ലിയുടെ കൈകളിൽ. പിടിച്ചുനിൽക്കുമെന്ന് കരുതിയ വലംകൈയൻ ബാറ്റർ മാർണസ് ലബുഷെയ്നെ (17) ജഡേജ വിക്കറ്റിനുമുന്നിൽ കുരുക്കി. ഡേവിഡ് വാർണറും (17) മാറ്റ് റെൻഷോയും (2) അശ്വിന്റെ ക്ലാസിക് ഓഫ് ബ്രേക്കിൽ അവസാനിച്ചു. എറൗണ്ട് ദ വിക്കറ്റിൽനിന്നുള്ള മറ്റൊരു ഓഫ് ബ്രേക്കിൽ പീറ്റർ ഹാൻഡ്സ്കോമ്പിനെയും (6) കുരുക്കി. അലെക്സ് കാരിയുടെ (10) റിവേഴ്സ് സ്വീപ്പിനും അശ്വിന്റെ കൈയിൽ മരുന്നുണ്ടായിരുന്നു. ടെസ്റ്റിൽ അശ്വിന്റെ 100–-ാംഎൽബിഡബ്ല്യു വിക്കറ്റായി ഇത്. സ്കോട് ബോളൻഡിന്റെ കുറ്റിപിഴുത് മുഹമ്മദ് ഷമി കളി തീർത്തു. ഇതിനിടെ സ്റ്റീവൻ സ്മിത്ത് ജഡേജയുടെ പന്തിൽ പുറത്തായെങ്കിലും നോബാളായി. സ്മിത്ത് 25 റണ്ണുമായി പുറത്താകാതെനിന്നു. പതിനേഴിന് ഡൽഹിയിലാണ് രണ്ടാംടെസ്റ്റ്.
ജഡേജയ്ക്ക് പിഴ
ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ഐസിസി പിഴയിട്ടു. നാഗ്പുരിൽ ഓസ്ട്രേലിയയുമായുള്ള ഒന്നാംക്രിക്കറ്റ് ടെസ്റ്റിൽ അമ്പയറെ അറിയിക്കാതെ ചൂണ്ടുവിരലിൽ വേദനസംഹാരി പുരട്ടിയതിനാണ് ശിക്ഷ. അച്ചടക്കം ലംഘിച്ചുവെന്ന കാരണത്താൽ ജഡേജയ്ക്ക് ഒരു അയോഗ്യതാ പോയിന്റും കിട്ടി. മത്സരത്തുകയുടെ 25 ശതമാനമാണ് പിഴ. ആദ്യദിനം 46–-ാംഓവറിലായിരുന്നു സംഭവം. ബൗളിങ്ങിനിടെ സഹതാരം മുഹമ്മദ് സിറാജിന്റെ കൈയിൽനിന്ന് വേദനസംഹാരിയെടുത്ത് വിരലിൽ പുരട്ടുകയായിരുന്നു. ഇത് ദൃശ്യങ്ങളിൽ തെളിഞ്ഞു. എന്നാൽ, പന്തിൽ പുരട്ടിയില്ലെന്ന് വ്യക്തമായി. ജഡേജ നൽകിയ വിശദീകരണത്തിൽ മാച്ച് റഫറി സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, അമ്പയർമാരോട് ഇക്കാര്യം പറയാത്തത് ശിക്ഷയ്ക്ക് കാരണമായി.
പോയിന്റിൽ മുന്നേറ്റം
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യകളി ജയിച്ച ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പട്ടികയിൽ പോയിന്റ് വർധിച്ചു. രണ്ടാംസ്ഥാനത്തുള്ള, ടീമിന്റെ പോയിന്റ് ശതമാനം 58.92ൽനിന്ന് 61.66 ആയി. 15 കളിയിൽ ഒമ്പതാംജയമാണ്. ഒന്നാമതുള്ള ഓസീസിന്റെ പോയിന്റ് ശതമാനം 75.55ൽനിന്ന് 70.83 ശതമാനമായി കുറഞ്ഞു. ആദ്യ രണ്ട് സ്ഥാനക്കാരാണ് ജൂണിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക. ഓസീസിനെതിരെ നാലുമത്സര പരമ്പരയാണുള്ളത്. 3–-1ന് ജയിച്ചാൽ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാം. 3–-0, 4–-0 എന്നനിലയിൽ ജയിച്ചാൽ ഒന്നാംസ്ഥാനക്കാരാകാം.നിലവിൽ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകൾക്കും സാധ്യതയുണ്ട്.