കൊച്ചി
വിജ്ഞാനകേരളത്തിന്റെ നട്ടെല്ലായി മാറേണ്ട യുവപ്രതിഭകളെ പ്രചോദിപ്പിച്ചും ആശങ്കകള്‍ക്ക് ഉറപ്പായ പരിഹാരങ്ങള്‍ നിര്‍ദേശിച്ചും പ്രൊഫഷണല്‍ വിദ്യാര്‍ഥി സമൂഹത്തോട് സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നാമത് പ്രൊഫഷണല്‍ വിദ്യാര്‍ഥി ഉച്ചകോടി രാവിലെ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, വൈകിട്ട് സമാപനവേദിയില്‍ എത്തിയാണ് വിദ്യാര്‍ഥികളുമായി ആശയങ്ങള്‍ പങ്കുവച്ചത്. വിവിധ രംഗങ്ങളിലെ വിദഗ്ധരുമായി ഉച്ചകോടിയിലുടനീളം വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ പങ്കിടാനായതിന്റെ തുടര്‍ച്ചയായിരുന്നു മുഖ്യമന്ത്രിയുമായി സംവാദം.
സിലബസില്‍ ആവശ്യമായ തിരുത്തല്വരുത്തിയും ഇന്റേണ്‍ഷിപ് ഏര്‍പ്പെടുത്തിയും എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ നൈപുണ്യവികസനം സാധ്യമാക്കുമെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ തൊഴില്‍രംഗത്തു നേരിടുന്ന വെല്ലുവിളി സൂചിപ്പിച്ച് വടകര കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ എ കെ അഭിലാഷിന്റെതായിരുന്നു ചോദ്യം. ചോദ്യം പ്രസക്തമാണെന്നും വ്യവസായരംഗത്തെ പ്രമുഖര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായോഗിക പരിജ്ഞാനമില്ലാത്തതിനാലാണ് പിന്തള്ളപ്പെടാന് കാരണം. അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ അന്നേ സര്‍ക്കാര്‍ തുടങ്ങി. പാഠ്യപദ്ധതിയില്‍ മാറ്റംവരുത്താന്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് അവതരിപ്പിച്ചു. വ്യവസായ യൂണിറ്റുകളുമായി ചേര്‍ന്ന് ഇന്റേണ്‍ഷിപ് ഏര്‍പ്പെടുത്താനും നടപടിയെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വിദേശപഠനത്തിന് പോകുന്നത് എന്തുകൊണ്ട് എന്നായിരുന്നു അടുത്ത ചോദ്യം. യാഥാര്‍ഥ്യം മറ്റൊന്നാണെന്നും കേരളത്തെ എങ്ങനെയും ഇകഴ്ത്തിക്കാണിക്കാനുള്ള പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഡല്‍ഹി സര്‍വകലാശാലയ്ക്കുകീഴിലെ കോളേജുകളില്‍ 10 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഇവിടെ പ്രവേശനനിരക്ക് വര്‍ധിച്ചു. വിദേശപഠനത്തിന് പോയവരുടെ എണ്ണവും മുന്‍വര്‍ഷത്തേക്കാള്‍ പകുതിയോളം കുറവാണ്. വ്യാജപ്രചാരകര്‍ യാഥാര്‍ഥ്യം കാണുന്നില്ല. അതുകേട്ട് വിദ്യാര്‍ഥികള്‍ ആശങ്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലകളിലെ നൈപുണ്യവികസനം, സംരംഭകരെ ആകര്‍ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍, സ്കൂള്‍തലംമുതല്‍ നിയമബോധവല്ക്കരണത്തിന്റെ ആവശ്യകത, ടെലി മെഡിസിന്, പരിസ്ഥിതിയുമായി സംയോജിപ്പിച്ച് ആയുര്‍വേദമേഖലയുടെ വികാസം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. 377 വിദ്യാര്‍ഥികള്‍ എഴുതിനല്‍കിയ 800 ചോദ്യങ്ങളില്‍നിന്ന് തെരഞ്ഞെടുത്തവയ്ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇഷിത റോയി മോഡറേറ്ററായി.