ബംഗളൂരു
ഐഎസ്എൽ ഫുട്ബോളിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. ജയിച്ചാൽ ഉറപ്പിക്കാനാകുമായിരുന്ന കളിയിൽ ഇവാൻ വുകോമനോവിച്ചിന്റെ സംഘം ബംഗളൂരു എഫ്സിയോട് ഒരു ഗോളിന് തോറ്റു. ആദ്യപകുതിയിൽ റോയ് കൃഷ്ണ നേടിയ ഗോളിനാണ് ബംഗളൂരു ജയംനേടിയത്. തുടർച്ചയായ ആറാംജയത്തോടെ 28 പോയിന്റുമായി അഞ്ചാംസ്ഥാനത്തേക്ക് കുതിച്ചു. രണ്ട് കളി ശേഷിക്കെ 31 പോയിന്റുമായി മൂന്നാംസ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്.
ചെന്നൈയിൻ എഫ്സിക്കെതിരായ ജയത്തിന്റെ ആത്മവിശ്വാസത്തിൽ എത്തിയ ബ്ലാസ്റ്റേഴ്സ് തുടക്കംതന്നെ പതറി. ഹാവിയർ ഹെർണാണ്ടസ് തൊടുത്ത പാസുമായി റോയ് കൃഷ്ണ കുതിച്ചപ്പോൾ തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കാരൻ ഹോർമിപാമിന് കഴിഞ്ഞില്ല. മനോഹരമായ നീക്കത്തിലൂടെ റോയ് കൃഷ്ണ ബംഗളൂരുവിന് ലീഡ് നൽകി.
തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളെ അലൻ കോസ്റ്റ നയിച്ച ബംഗളൂരു പ്രതിരോധം തടഞ്ഞു. ഇതിനിടെ ദിമിത്രിയോസ് ഡയമന്റാകോസ് ജെസെൽ കർണെയ്റോ നൽകിയ മികച്ച അവസരം പാഴാക്കുകയും ചെയ്തു. അടുത്ത മത്സരത്തിൽ എടികെ മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. 18ന് കൊൽക്കത്തയിലാണ് കളി. തോറ്റാൽ പ്ലേ ഓഫ് സാധ്യത സങ്കീർണമാകും. അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളികൾ. 26നാണ് ആ മത്സരം.