ഫത്തോർദ
മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എൽ ലീഗ് ഷീൽഡ്. എഫ്സി ഗോവയെ 5–3ന് തകർത്താണ് മുംബൈ ലീഗിലെ ഒന്നാംസ്ഥാനക്കാരായത്. 2019–-20 സീസൺമുതലാണ് പട്ടികയിലെ ഒന്നാംസ്ഥാനക്കാർക്ക് ലീഗ് ജേതാക്കൾക്കുള്ള ഷീൽഡ് നൽകുന്നത്.
സീസണിൽ തോൽവിയറിയാത്ത മുംബൈക്ക് പട്ടികയിൽ രണ്ടുകളി ശേഷിക്കെ 46 പോയിന്റായി. രണ്ടാമതുള്ള ഹൈദരാബാദ് എഫ്സിയെക്കാൾ 10 പോയിന്റ് മുന്നിൽ. ഒന്നാംസ്ഥാനം ഉറപ്പിച്ച മുംബൈ സെമിയിലേക്ക് നേരിട്ട് യോഗ്യത നേടി.
ഗോവയ്ക്കെതിരെ ആദ്യ അഞ്ച് മിനിറ്റിൽ പിന്നിലായെങ്കിലും ഗ്രെഗ് സ്റ്റുവർട്ടിന്റെ ഇരട്ടഗോളിൽ മുംബൈ തിരിച്ചുവന്നു. ജോർജ് പെരേര ഡയസും ലല്ലിയൻസുവാല ചങ്തെയും വിക്രംപ്രതാപ് സിങ്ങും മറ്റ് ഗോളുകൾ നേടി. ഗോവയ്ക്കായി നോഹ സദൂയ്, ബ്രണ്ടൻ ഫെർണാണ്ടസ്, ബ്രൈസൺ ഫെർണാണ്ടസ് എന്നിവർ ലക്ഷ്യംകണ്ടു. രണ്ടുകളി ശേഷിക്കെ 27 പോയിന്റുമായി അഞ്ചാമതാണ് ഗോവ.