മംഗളൂരു
കേരളത്തിനെതിരെ കടുത്ത അധിക്ഷേപവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകത്തിലെ വേദിയിലാണ് തൊട്ടടുത്ത് കേരളമുണ്ടെന്നും സൂക്ഷിക്കണമെന്നും വിദ്വേഷം വമിക്കുന്ന പ്രസംഗം അമിത് ഷാ നടത്തിയത്. പുത്തൂരിൽ കാംപ്കോ ലിമിറ്റഡിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
മോദി സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ ദേശദ്രോഹികളെ ശക്തിപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസ് കൈക്കൊള്ളുന്നത്. നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്, താൻ കൂടുതൽ പറയുന്നില്ല–- എന്നാണ് അമിത് ഷാ പ്രസംഗിച്ചത്.
ദേശവിരുദ്ധരെ സഹായിക്കുന്ന സമീപനമുള്ള കോൺഗ്രസ് പാർടിക്ക് ഒരിക്കലും കർണാടകത്തെ രക്ഷിക്കാൻ കഴിയില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കു മാത്രമേ അത് സാധിക്കൂ. കർണാടകത്തെ സുരക്ഷിതമായി നിലനിർത്താൻ ബിജെപി സർക്കാരിന് മാത്രമേ സാധിക്കൂ. ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്ന കോൺഗ്രസിനും ജെഡിഎസിനുമാണോ അതോ റാണി അബ്ബക്കയുടെ പാരമ്പര്യത്തിൽ വിശ്വസിക്കുന്ന ബിജെപിക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് ആലോചിക്കുക. കർണാടകത്തെ വോട്ടിനുള്ള എടിഎം മാത്രമായാണ് കോൺഗ്രസ് ഉപയോഗിച്ചതെന്നത് മറക്കാതിരിക്കണമെന്നും അമിത് ഷാ പറഞ്ഞു.