വാഷിങ്ടൺ > അലാസ്കയുടെ വ്യോമ അതിർത്തിയിലൂടെ പറന്ന ‘വസ്തു’ അമേരിക്കൻസൈനിക വിമാനം വെടിവച്ചിട്ടു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയോടെ വെടിവച്ചിട്ടതെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. 40,000 അടി ഉയരത്തിലാണ് ഒരു കാറിന്റെ വലുപ്പമുള്ള ബലൂൺപറന്നിരുന്നത്. ഇത് യാത്രാ വിമാനങ്ങൾക്കടക്കം സുരക്ഷാ ഭീഷണി ആയതോടെ വെടിവച്ചിടാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിടുകയായിരുന്നെന്ന് കിർബി പറഞ്ഞു. എന്നാൽ, അതിനെ ബലൂൺ എന്ന് പറയാനാകില്ലെന്ന് അഭിപ്രായപ്പെട്ട കിർബി ‘വസ്തു’ എന്നാണ് വിശേഷിപ്പിച്ചത്. ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ വ്യോമ അതിർത്തിയിൽ പറന്ന ചൈനയുടെ ചാര ബലൂൺ എന്ന് ആരോപിക്കപ്പെട്ട ബലൂൺ ദിവസങ്ങൾക്കുമുമ്പ് വെടിവച്ചിട്ടിരുന്നു.