തിരുവനന്തപുരം
ഐഐടി, ഐഐഎം, ഐഐഎംകെ, എൻഐഎഫ്ടി കോഴ്സുകൾക്ക് നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന പട്ടിക വിഭാഗം, എസ്സിബിസി വിദ്യാർഥികൾക്കും സ്കോളർഷിപ് അനുവദിച്ചു. അടുത്ത അധ്യയനവർഷംമുതൽ സംസ്ഥാനത്തിനു പുറത്ത് അടക്കം അംഗീകാരമുള്ള ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് അനുവദിക്കാൻ അനുമതി നൽകി സർക്കാർ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ പഠനം നടത്തുന്ന വിദ്യാർഥികൾക്കുംകൂടി ഈ സ്കോളർഷിപ് നൽകാനാണ് തീരുമാനമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ഇതോടെ നൂറുകണക്കിനു വിദ്യാർഥികൾക്കുംകൂടി സ്കോളർഷിപ് ലഭിക്കും. വിദ്യാർഥികൾക്ക് ഫീസ് അടയ്ക്കാതെതന്നെ പ്രവേശനം ലഭ്യമാക്കുന്ന ഫ്രീ ഷിപ് കാർഡ്, സ്റ്റേറ്റ് അക്കാദമിക് അലവൻസ്, വിദൂര -ഓൺലൈൻ പാർട്ട് ടൈം ഈവനിങ് കോഴ്സുകൾക്കും സ്കോളർഷിപ് തുടങ്ങി കൂടുതൽ വിദ്യാർഥികൾക്ക് പഠനാവസരം ലഭിക്കുംവിധമാണ് പുതിയ ഉത്തരവ്.