കൊച്ചി
ജീവനക്കാരുടെ ജനുവരിയിലെ ശമ്പളം ഫെബ്രുവരി 15നകം നൽകുമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. ശമ്പളം നൽകാൻ സർക്കാർ 30 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഏപ്രിൽമുതൽ ഈ സഹായം ലഭിക്കില്ലെന്നും കെഎസ്ആർടിസി വിശദീകരിച്ചു. പരിഷ്കരണനടപടികൾ നടപ്പാക്കാൻ അനുവദിച്ചില്ലെങ്കിൽ ശമ്പളം ലഭിക്കുന്നതെങ്ങിനെയെന്ന് ജീവനക്കാരോട് കോടതി ആരാഞ്ഞു. ശമ്പളം നൽകാനാകില്ലെങ്കിൽ അടച്ചുപൂട്ടണമെന്നും കോടതി പരാമർശിച്ചു.
ശമ്പളം വൈകുന്നതിനെതിരെ ആർ ബാജിയടക്കമുള്ള ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സതീഷ് നൈനാൻ വാക്കാൽ പരാമർശിച്ചത്. കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാൻ മാനേജ്മെന്റ് സ്വീകരിക്കുന്ന ഒരു നടപടിയിലും കോടതി ഇടപെടില്ല. ഹർജികൾ ഫെബ്രുവരി 15ന് വീണ്ടും പരിഗണിക്കാൻ മാറ്റി. അഞ്ചിനകം ശമ്പളം നൽകണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നുവെന്നും 10–-ാംതീയതിയായിട്ടും ശമ്പളം ലഭിച്ചില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.