ന്യൂഡൽഹി
മോദി സർക്കാർ പൂർണ സംരക്ഷണമൊരുക്കിയിട്ടും ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന് ദേശീയ–- അന്തർദേശീയ തലത്തിൽ തിരിച്ചടി തുടരുന്നു. ഓഹരി വിപണിയിലെ വൻതകർച്ചയെത്തുടർന്ന് നാല് അദാനി ഗ്രൂപ്പ് കമ്പനിയുടെ റേറ്റിങ് പ്രമുഖ നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ് ഇൻവെസ്റ്റർ സർവീസ് വെട്ടിക്കുറച്ചു. മൂഡീസ് റേറ്റിങ്ങിൽ സ്ഥിരതയുള്ള കമ്പനികളുടെ പട്ടികയിൽനിന്ന് നെഗറ്റീവ് പട്ടികയിലേക്കാണ് അദാനി കമ്പനികളെ തരംതാഴ്ത്തിയത്. അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ, അദാനി ഇലക്ട്രിസിറ്റി മുംബൈ, അദാനി ഗ്രീൻ എനർജി റെസ്ട്രിക്ക്റ്റഡ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ റേറ്റിങ്ങാണ് മൂഡീസ് കുറച്ചത്.
മറ്റൊരു നിക്ഷേപ ഗവേഷണ സ്ഥാപനമായ മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്റർനാഷണൽ സ്വതന്ത്രവ്യാപാരം സാധ്യമായ നാല് അദാനി കമ്പനിയുടെ ഓഹരികളുടെ അളവിൽ വെട്ടിക്കുറവ് വരുത്തി. അദാനി എന്റർപ്രൈസസ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, എസിസി സിമന്റ് കമ്പനികളുടെ ഓഹരി അളവാണ് എംഎസ്സിഐ കുറച്ചത്. രണ്ട് പ്രധാന അന്തർദേശീയ സ്ഥാപനം അവിശ്വാസം പ്രകടമാക്കിയതോടെ വെള്ളിയാഴ്ചയും അദാനി ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിനുശേഷം ഏതാണ്ട് 10 ലക്ഷം കോടി രൂപയ്ക്കടുത്താണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യം ഇടിഞ്ഞത്.
ഹിൻഡൻബർഗിനെതിരെ അദാനി
ഹിൻഡൻബർഗിനെതിരെ അമേരിക്കയിൽ നിയമപോരാട്ടത്തിന് അദാനി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വാച്ച്ടെൽ എന്ന യുഎസ് നിയമസ്ഥാപനത്തെ അദാനി സമീപിച്ചതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ ഏറ്റവും ഫീസ് വാങ്ങുന്ന നിയമസ്ഥാപനങ്ങളിൽ ഒന്നാണിത്.