കോട്ടയം /ന്യൂഡൽഹി
ഇന്ധന സെസിന്റെ പേരിൽ നടത്തിയ സമരനാടകം പൊളിഞ്ഞതിന് പിന്നാലെ ഭിന്നാഭിപ്രായവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും. സംസ്ഥാന ബജറ്റിലെ കൂട്ടിയ നികുതി അടയ്ക്കരുതെന്ന കെ സുധാകരന്റെ ആഹ്വാനത്തെ വി ഡി സതീശൻ തള്ളി. ഇക്കാര്യം അറിയില്ലെന്ന് കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പ്രതിപക്ഷ നേതാവ് സതീശൻ പറഞ്ഞു. ഇത് കോൺഗ്രസിന്റെ നിലപാടാണോ എന്ന ചോദ്യത്തിനും ഇക്കാര്യം തന്റെ ശ്രദ്ധയിൽ വന്നിട്ടില്ല എന്ന മറുപടി ആവർത്തിച്ചു.
അതേ സമയം നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നതായി സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. നികുതി അടയ്ക്കാത്തവർക്ക് കോൺഗ്രസ് സംരക്ഷണം നൽകും. മാധ്യമവാർത്തകൾ കണ്ട് സമരത്തിന് ഇറങ്ങുന്ന പാർടിയല്ല കോൺഗ്രസ്. നികുതിവിഷയത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണം–- സുധാകരൻ ആവശ്യപ്പെട്ടു.