തിരുവനന്തപുരം
സംസ്ഥാനത്തിന്റെ റവന്യു വരുമാന കുടിശ്ശികയിൽ 15,220 കോടി രൂപ പിരിച്ചെടുക്കുന്നതിന് തടസം കോടതിയും നിയമവും. വിൽപ്പന നികുതി കുടിശ്ശികയിൽ 6879 കോടി റവന്യു റിക്കവറി നടപടികളിലാണ്. ഇതിൽത്തന്നെ 5577 കോടി രൂപ കോടതികളിലെ കേസുകളുടെ ഭാഗമായി നടപടി സ്റ്റേയിലും. റവന്യു റിക്കവറി ആരംഭിച്ച കുടിശ്ശികകളുടെ 36 ശതമാനമാണ് സ്റ്റേയിൽ കുടുങ്ങിയത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക 590 കോടിയും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക 302 കോടിയുമാണ്. സംസ്ഥാന പൊതുമേഖലയിൽ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങൾ സർക്കാർ ധനസഹായത്തിലാണ് പിടിച്ചുനിൽക്കുന്നത്.
കഴിഞ്ഞദിവസം നിയമസഭയിൽവച്ച സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന മോട്ടോർ വാഹന നികുതി കുടിശ്ശിക 2617 കോടിയിൽ 1845 കോടി കെഎസ്ആർടിസിയുടേതാണ്. അവിടെ ശമ്പളവും പെൻഷനും നൽകാൻ സർക്കാരാണ് പണം നൽകുന്നത്. 643 കോടി രൂപ റവന്യു റിക്കവറി ഘട്ടത്തിലും. ഇലക്ട്രിസിറ്റി ഡ്യൂട്ടി കുടിശ്ശിക 2929 കോടിയിൽ 2890 കോടിയും പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ്. വാട്ടർ അതോറിറ്റിക്കുമാത്രം 1300 കോടി കുടിശ്ശികയുണ്ട്. എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കാൻ ചെലവഴിച്ച വൈദ്യുതിയുടെ ഡ്യൂട്ടിയാണിത്.
വനംവകുപ്പിന്റെ വിൽപ്പന നികുതി കുടിശ്ശിക 347 കോടി രൂപയിൽ 325 കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കാനുള്ളതാണ്. പൊലീസിന്റെ റവന്യുവിൽ കുടിശ്ശികയായ 352 കോടി റെയിൽവേയും സംസ്ഥാന വൈദ്യുതി ബോർഡുമുൾപ്പെടെ നൽകാനുള്ള തുകകളാണ്. ഇവ സമാഹരിക്കുന്നതിൽ സർക്കാരിന് കാര്യമായി ഒന്നുംചെയ്യാനില്ല. കിട്ടാ നികുതികൾ കണക്കുകളിൽനിന്ന് ഇവ ഒഴിവാക്കാനുള്ള മാർഗം ആരായുകമാത്രമാണ് സാധ്യം. സിഎജി ചൂണ്ടിക്കാട്ടുന്നതിൽ 7100 കോടി അഞ്ചു വർഷത്തിലധികമായ കുടിശ്ശികയാണ്. ഏതാണ്ട് പൂർണമായും റവന്യു റിക്കവറി നടപടികളിലും.
രണ്ടുവർഷത്തിൽ
വരുമാനം ഉയർത്തി
സംസ്ഥാനത്തിന്റെ റവന്യുവരുമാനം ഉറപ്പാക്കുന്നതിൽ ഗണ്യമായ പുരോഗതിയുണ്ടെന്നാണ് സിഎജി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2021 മാർച്ച് 31 വരെയുള്ള റവന്യു വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. ഇതനുസരിച്ച് 21,798 കോടി രൂപയാണ് കുടിശ്ശിക. കഴിഞ്ഞവർഷം സഭയിൽവച്ച സിഎജി റിപ്പോർട്ടിൽ 2019 മാർച്ച്വരെ കുടിശ്ശിക 20,146 കോടിയും. രണ്ടുവർഷത്തിനുള്ളിൽ പിരിച്ചെടുക്കാനുള്ള കുടിശ്ശികയുടെ വർധന 1652 കോടിമാത്രം. 2019ൽ രജിസ്ട്രേഷനിൽ ലഭിക്കേണ്ടിയിരുന്ന 1402 കോടി രൂപ കുടിശ്ശിക 2021ൽ 829 കോടിയായി. രണ്ടു വർഷത്തിനിടയിൽ 573 കോടി രൂപ പിരിച്ചെടുത്തു.
പൊളിഞ്ഞത്
മാധ്യമ പൊള്ളത്തരം
മാധ്യമങ്ങൾ പെരുപ്പിച്ചുകാട്ടി പ്രചരിപ്പിച്ച നികുതി കുടിശ്ശികയുടെ പൊള്ളത്തരം വിളിച്ചുപറയുന്നതാണ് സിഎജി റിപ്പോർട്ട്. ഈവർഷം ആദ്യം മനോരമ പറഞ്ഞത് 2022 മാർച്ച് 31വരെ പിരിച്ചെടുക്കാനുള്ളത് 35,000 കോടി. കേരളകൗമുദി ഒന്നുകൂടി പൊലിപ്പിച്ചു 40,000 കോടി. 2021 മാർച്ച് 31 വരെയുള്ള കുടിശ്ശികയുടെ വിവരം അടങ്ങുന്ന നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് പറയുന്നത് 21,798 കോടി രൂപയുടെ കുടിശ്ശികയും. 2022 മാർച്ച് 31ൽ ആകെ റവന്യു കുടിശ്ശിക 19,921 കോടിയായി മാറുമെന്നാണ് ഇപ്പോൾ സമർപ്പിച്ച ബജറ്റ് രേഖകൾ പറയുന്നത്. 2019 മാർച്ച് 31 വരെയുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടിൽ 20,146 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളതെന്ന് നേരത്തേ സിഎജി വ്യക്തമാക്കിയിരുന്നു.