തിരുവനന്തപുരം
മലയാളസിനിമയുടെ ആദ്യനായിക പി കെ റോസിക്ക് 120–-ാം ജന്മവാർഷികദിനത്തിൽ ലോകത്തിന്റെ ആദരം. ഡൂഡിലിലൂടെയാണ് സവർണ ജാതിക്കാരാൽ വേട്ടയാടപ്പെട്ട ‘വിഗതകുമാരനി’ലെ നായികയ്ക്ക് ഗൂഗിൾ ആദരമർപ്പിച്ചത്. ഇതോടെ പി കെ റോസി ആഗോളശ്രദ്ധ നേടി. ദേശീയ മാധ്യമങ്ങളിൽ വാർത്തയായി. ‘അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന റോസി വിവേചനങ്ങളെല്ലാം തകർത്ത് വിഗതകുമാരനിൽ വേഷമിട്ടെങ്കിലും ജീവിതകാലത്ത് അവർക്ക് അംഗീകാരം ലഭിച്ചില്ല. ഇന്ന് റോസിയുടെ കഥ നിരവധിപേർക്ക് പ്രചോദനമാണ്’–– ഗൂഗിൾ കുറിപ്പിൽ പറഞ്ഞു.
1903 ഫെബ്രുവരി പത്തിനായിരുന്നു രാജമ്മ (റോസി) തിരുവനന്തപുരം തൈക്കാട്ട് ജനിച്ചത്. വിഗതകുമാരന്റെ സംവിധായകൻ ജെ സി ഡാനിയേലാണ് രാജമ്മയ്ക്ക് റോസി എന്ന പേരിട്ടത്. സരോജം എന്ന നായർസ്ത്രീയുടെ കഥാപാത്രത്തെയാണ് ‘വിഗതകുമാരനി’ൽ അവർ അവതരിപ്പിച്ചത്. തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയറ്ററിൽ 1928 നവംബർ ഏഴിന് ചിത്രത്തിന്റെ പ്രദർശനം കാണാനെത്തിയ റോസിക്ക് നേരിടേണ്ടി വന്നത് അവഹേളനവും അക്രമവും. ജീവഭയത്താൽ തമിഴ്നാട്ടിലേക്ക് പലായനം ചെയ്ത റോസി പിന്നീട് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയില്ല. വെള്ളിത്തിരയിൽനിന്ന് അകന്ന് ജീവിക്കുകയായിരുന്നു. 1988ൽ മരിച്ചു.
ജന്മിത്വവും ജാതിവ്യവസ്ഥയും ശക്തമായിരുന്ന കാലത്ത് സ്ത്രീകൾക്കും പിന്നോക്ക ജാതിക്കാർക്കും കലാരംഗത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ജെ സി ഡാനിയേലിന്റെ ജീവിതകഥയെ ആധാരമാക്കി 2013ൽ കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് സിനിമയിലൂടെയാണ് മലയാളത്തിന്റെ ആദ്യനായിക പി കെ റോസി വീണ്ടും ചർച്ചയായത്.